
ന്യൂഡല്‍ഹി: അധ്യാപിക സഹപാഠികളെ കൊണ്ട് മുസ്ലിം വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തില്‍ ഇരയുടെ വിദ്യാഭ്യാസ ചെലവ് യു.പി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി. (Supreme court intervention in Muslm student slapping case) ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നടന്ന സംഭവത്തിലാണ് കോടതിയുടെ ശ്രദ്ധേയ ഇടപെടല്‍.
![]() |
|
മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം. വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് തുഷാര്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.
വിഷയത്തില്‍ സമയബന്ധിതവും സ്വതന്ത്രവുമായ അന്വേഷണവും മതന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
വിദ്യാര്‍ത്ഥിയുടെ ട്യൂഷന്‍, യൂണിഫോം, പുസ്തകങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയവയുടെ ചെലവുകള്‍ യു.പി സര്‍ക്കാര്‍ വഹിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. അതേസമയം, കുട്ടിയുടെ ചെലവുകള്‍ വഹിക്കുന്നതില്‍ യു.പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് തുഷാര്‍ ഗാന്ധി കോടതിയെ അറിയിച്ചു.
എന്നാല്‍ കുട്ടിയുടെ ഒരു വര്‍ഷത്തെ വിദ്യാഭ്യാസ ചെലവ് സ്പോണ്‍സര്‍ ചെയ്യാന്‍ സയ്യിദ് മുര്‍തസ മെമ്മോറിയല്‍ ട്രസ്റ്റ് തയ്യാറായിട്ടുണ്ടെന്നും അത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും സര്‍ക്കാര്‍ അത് വഹിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മര്‍ദനത്തിന് ഇരയായ കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് സ്‌പോണ്‍സറെ കണ്ടെത്തണമെന്നും യു.പി സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, ഇപ്പോള്‍ കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ പഠിച്ചിരുന്ന അതേ സ്‌കൂളില്‍ തന്നെയാണ് വിദ്യാര്‍ത്ഥി ഇപ്പോഴും തുടരുന്നതെന്ന് ഉറപ്പാക്കണമെന്നും കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
2023 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുസാഫര്‍നഗറിലെ സ്‌കൂളിലെ അധ്യാപികയായ തൃപ്ത ത്യാഗി തന്റെ വിദ്യാര്‍ത്ഥികളോട് മുസ്ലിം വിദ്യാര്‍ത്ഥിയെ തല്ലാന്‍ ആവശ്യപ്പെടുകയും കുട്ടിക്കെതിരെ വര്‍ഗീയ അധിക്ഷേപം നടത്തുകയും ചെയ്യുകയായിരുന്നു. കുട്ടിയെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു