24
May 2025
Fri
24 May 2025 Fri

കൽപ്പറ്റ: വയനാട്ടിലെ മേപ്പാടിയിൽ 900 കണ്ടിയിലെ റിസോർട്ടിൽ ടെന്‍റ് വീണ് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ. മാനേജർ സ്വച്ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഇരുവരെയും ഈ മാസം 28 വരെ റിമാൻഡ് ചെയ്തതായി വയനാട് പോലിസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മേപ്പാടി തൊള്ളായിരംകണ്ടി മേഖലയിലെ കാടിനോട് അതിരിടുന്ന അവസാനത്തെ സ്വകാര്യ റിസോർട്ടിലാണ് അപകടം നടന്നത്. രണ്ടുവർഷത്തോളമായി ലൈസൻസില്ലാതെയാണ് റിസോർട്ട് പ്രവർത്തിക്കുന്നതെന്നു മേപ്പാടി ഗ്രാമപ്പഞ്ചായത്ത് അറിയിച്ചു. ടെന്റ് സ്ഥാപിക്കുന്ന ഷെഡിൻ്റെ തൂണുകൾ ദ്രവിച്ച നിലയിലായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ലൈസൻസില്ലാത്ത മുഴുവൻ റിസോർട്ടുകളുടെയും പ്രവർത്തനം വിലക്കിയും ഏഴുദിവസത്തിനകം ലൈസൻസ് അപേക്ഷ പഞ്ചായത്തിൽ സമർപ്പിക്കണമെന്നും സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്.

മുൻപ്‌ ടൗൺപ്ലാനറുടെ നേതൃത്വത്തിൽ ജില്ലയിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ കണക്കെടുത്തപ്പോൾ രണ്ടായിരത്തിലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിൽ അറുനൂറോളം സ്ഥാപനങ്ങൾക്കു മാത്രമേ ലൈസൻസുകൾ ഉണ്ടായിരുന്നുള്ളൂ. മേപ്പാടി പഞ്ചായത്തിൽ റിസോർട്ടുകളും ഹോംസ്റ്റേകളുമായി എഴുന്നൂറിലധികം സ്ഥാപനങ്ങൾ ആണ് പ്രവർത്തിക്കുന്നത്. ഇതിൽ ഏകദേശം 56 എണ്ണത്തിനുമാത്രമാണ് പഞ്ചായത്തിന്റെ ലൈസൻസ് ഉണ്ടായിരുന്നത്.

ഇന്നലെ പുലര്‍ച്ചെയാണ് റിസോർട്ടിലെ ഹട്ട് തകർന്ന് നിലമ്പൂർ അകമ്പാടം സ്വദേശി എരഞ്ഞിമങ്ങാട് കാഞ്ഞിരപ്പടി ബിക്കൻഹൗസിൽ ബി. നിഷ്മ (25) മരിച്ചത്. മേപ്പാടി തൊള്ളായിരംകണ്ടിയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിക്ക് ‘എമറാൾഡ് 900 വെഞ്ചേഴ്സ്’ എന്ന റിസോർട്ടിലാണ് സംഭവം. മൂന്നുസ്ത്രീകൾ ഉൾപ്പെടെ 16 പേരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. ഇവിടേ പുലർച്ചെ ശക്തമായ മഴയുണ്ടായിരുന്നു. മഴപെയ്ത വെള്ളത്തിന്റെ ഭാരം പുൽമേഞ്ഞ മേൽക്കൂരയ്ക്ക് താങ്ങാനാവാതെ കൂര തകർന്നതാകാം അപകടകാരണമെന്നാണ് നിഗമനം. മഴയെത്തുടർന്ന് പുലർച്ചെ രണ്ടുമണിയോടെ 15 അടിയോളം ഉയരമുള്ള ഹട്ട് തകർന്നുവീണു. നിർമാണത്തിനുപയോഗിച്ച പുല്ലും ടാർപായയും മരത്തടികളും ടെന്റിന് മുകളിലേക്ക് വീണു. പരിക്കേറ്റ കോഴിക്കോട് മീഞ്ചന്ത സ്വദേശി കെ. അഖിലിനെ (29) മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സ നൽകി വിട്ടയച്ചു. ബാക്കിയുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

ശിഹാബിന്റെയും ജസീലയുടെയും മകളാണ് നിഷ്മ. റെബിൻ, ഫിദ ഫാത്തിമ എന്നിവരാണ് സഹോദരങ്ങൾ.

അതേസമയം ഉരുൾപൊട്ടൽ ദുരന്തമേൽപ്പിച്ച ആഘാതങ്ങളിൽനിന്ന് തിരികെവരുന്ന വയനാട്ടിലെടൂറിസം മേഖലയെ പിന്നോട്ടടുപ്പിക്കുന്ന ദുരന്തമായി മാറിയിരിക്കുക ആണ് ഹട്ട്‌ തകർന്നുള്ള യുവതിയുടെ മരണം.

Woman dies after tent collapses in Wayanad: Resort manager and supervisor arrested