20
Aug 2025
Thu
20 Aug 2025 Thu
Supreme court rejects plea of Center agaist bail of UAPA accused

ജിഹാദി യോഗത്തില്‍ പങ്കെടുത്തുവെന്നാരോപിച്ച് യുഎപിഎ ചുമത്തി ജയിലിലടച്ച യുവാവിന് ജാമ്യം നല്‍കിയതിനെതിരേ കേന്ദ്രം നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. അഞ്ചരവര്‍ഷം ജയിലില്‍ കഴിഞ്ഞ സലിം ഖാന്‍ എന്ന യുവാവിന് കര്‍ണാടക ഹൈക്കോടതി 2022 ഏപ്രില്‍ 21ന് ജാമ്യം നല്‍കിയതിനെതിരേ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസുമാരായ വിക്രം നാഥും കെ വി വിശ്വനാഥനും ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. ഹൈക്കോടതി സലീം ഖാന് ജാമ്യം നല്‍കിയതും മറ്റൊരു പ്രതിയായ മുഹമ്മദ് സെയ്ദിന് ജാമ്യം നിഷേധിച്ചതുമായ വിധിക്ക് പരിഗണിച്ച കാര്യങ്ങള്‍ പൂര്‍ണമായും നീതിയുക്തമാണെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അല്‍ ഹിന്ദ് എന്ന സംഘടനയുമായി സലീം ഖാന്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് കുറ്റപത്രമെന്നും എന്നാല്‍ ഈ സംഘടന നിരോധിത സംഘടനയല്ലെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നതായി സുപ്രിംകോടതി വ്യക്തമാക്കി. അതിനാല്‍ തന്നെ ആ സംഘടനയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നത് കുറ്റകൃത്യമല്ലെന്നും ഹൈക്കോടതി വിധി പരിശോധിച്ചുകൊണ്ട് സുപ്രിംകോടതി പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവ് വന്ന് മൂന്നരവര്‍ഷമെങ്കിലും കഴിഞ്ഞിട്ടുണ്ട് ഇപ്പോഴെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
കുറ്റാരോപിതന്‍ അഞ്ചര വര്‍ഷത്തോളം കസ്റ്റഡിയില്‍ ഉണ്ടായിട്ടും വിചാരണ പോലും ആരംഭിക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടുവര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും സുപ്രിംകോടതി വിചാരണക്കോടതിക്കു നിര്‍ദേശം നല്‍കി.

മുഹമ്മദ് ഖാന് നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നതായും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. മുഹമ്മദ് സെയ്ദിനെതിരേ തമിഴ്‌നാട്ടില്‍ യുഎപിഎ കേസുണ്ടെന്നും ഇയാള്‍ക്ക് മദ്രാസ് ഹൈക്കോടതി ജാമ്യം നല്‍കിയതായി കണ്ടെത്തിയിരുന്നുവെന്നും അതുകൊണ്ടു തന്നെ കര്‍ണാടക ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചത് നീതീകരിക്കാവുന്നതാണെന്നും സുപ്രിംകോടതി ഡിവിഷന്‍ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

ALSO READ: പിഎഫ്‌ഐ മുന്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്