30
May 2023
Fri
30 May 2023 Fri

ന്യൂഡൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ശിക്ഷിച്ച മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്മുഖ് ഭായി ഉൾപ്പെടെ 68 പേർക്കു ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നൽകിയ ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വിഷയം കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ്, നിയമന ഉത്തരവ് പുറത്തിറങ്ങിയത് എന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചിന്റെ നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അറുപത്തിയെട്ടു പേർക്കു സ്ഥാനക്കയറ്റം നൽകാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ ശുപാർശയും അത് അംഗീകരിച്ചുകൊണ്ട് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനവും സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി ശുപാർശയ്‌ക്കെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. പട്ടികയിൽ ഉള്ളവർ പഴയ തസ്തികകളിൽ തന്നെ തുടരണമെന്ന് ഉത്തരവിൽ പറയുന്നു.

സ്ഥാനക്കയറ്റം യോഗ്യതയുടെയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ശുപാർശയും അതിനെത്തുടർന്നുള്ള സർക്കാർ വിജ്ഞാപനവും നിയമ വിരുദ്ധമാണെന്ന് ഇടക്കാല ഉത്തരവിൽ കോടതി വിലയിരുത്തി. ജസ്റ്റിസ് ഷാ ഈ മാസം 15ന് വിരമിക്കുന്നതിനാൽ ഹർജിയിൽ തുടർ വാദം മറ്റൊരു ബെഞ്ച് ആയിരിക്കും നടത്തുക.