29
Apr 2024
Mon
29 Apr 2024 Mon

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ കേന്ദ്ര ഏജന്‍സിയായ ഇ.ഡി അറസ്റ്റ്‌ചെയ്ത നടപടിയെ ചോദ്യംചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിയ്ക്കുക. നേരത്തെ സമാന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് കെജ്രിവാള്‍ പരമോന്നത കോടതിയിലെത്തിയത്.
തെളിവുകളൊന്നുമില്ലാതെ ആണ് തന്നെ അറസ്റ്റ് ചെയ്തത് എന്നുള്‍പ്പെടെയുള്ള വാദങ്ങളാകും കെജ്രിവാള്‍ കോടതിയില്‍ നിരത്തുക. ഭരണ ഘടന ഉറപ്പ് നല്കുന്ന പ്രാഥമിക അവകാശങ്ങളുടെ ലംഘനമാണിത്. സമന്‍സിന് അനുസൃതമായി ഹാജരാകാതിരുന്നത് നടപടിയ്ക്ക് പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ ബോധ്യപ്പെട്ടതിനാലാണ്. സമന്‍സ് അനുസരിച്ച് ഹാജരാകാതിരുന്നു എന്നതിന്റെ പേരില്‍മാത്രം അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നെന്നും ഇ.ഡി. നീക്കം നിയമവിരുദ്ധമായിരുന്നെന്നുമാണ് കെജ്‌രിവാളിന്റെ വാദം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെജ്രിവാളിന്റെ ഹരജി മുന്‍കൂട്ടിക്കണ്ട്, മദ്യനയക്കേസിന്റെ സൂത്രധാരന്‍ കെജ്‌രിവാളാണെന്നാരോപിച്ച് ഇ.ഡി കഴിഞ്ഞദിവസം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

അതേസമയം കെജ്രിവാളിനെ ജയിലിലെത്തി കാണാന്‍ ഭാര്യ സുനിതാ കെജ്രിവാളിന് തിഹാര്‍ ജയില്‍ അധികൃതര്‍ അനുമതി നിഷേധിച്ചു. ഇന്നത്തെ സന്ദര്‍ശനത്തിനുള്ള അനുമതിയാണ് നിഷേധിച്ചത്. അനുമതി നിഷേധിച്ചതില്‍ ജയില്‍ അധികൃതര്‍ കാരണം വ്യക്തമാക്കിയില്ലെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.

supreme court will consider plea of Arvind Kejriwal today