|
ന്യൂഡല്‍ഹി: സംഘ്പരിവാർ അവകാശ വാദം ഉന്നയിക്കുന്ന യുപിയിലെ സംഭൽ ജമാ മസ്ജിദിൽ സർവേയ്ക്ക് അനുമതി നൽകിയ സിവിൽ കോടതി ഉത്തരവിനെതിരായ മസ്ജിദ് കമ്മിറ്റിയുടെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് അടിയന്തരമായി പരിഗണിക്കുന്നത്. തിടുക്കപ്പെട്ടാണ് സർവേ നടപടികൾ ആരംഭിച്ചതെന്നും തങ്ങളുടെ നിലപാട് കേട്ടില്ലെന്നും ആണ് മസ്ജിദ് കമ്മിറ്റിയുടെ വാദം.
സർവേ നടത്തിയ അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് ഇന്ന് ജില്ലാ കോടതിയിൽ സമർപ്പിക്കാൻ ഇരിക്കെയാണ് സുപ്രിം കോടതി കേസ് പരിഗണിക്കുന്നത്.
സർവേ സ്റ്റേ ചെയ്യണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ എല്ലാ വിഭാഗത്തെയും കേൾക്കാതെ സർവേയ്ക്ക്ഏക പക്ഷീയമായി ഉത്തരവിടുന്നത് പതിവാക്കരുതെന്നു നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ബന്ധപ്പെട്ടവർക്ക് നിയമനടപടികൾ സ്വീകരിക്കാൻ അവശ്യനായ സമയം അനുവദിക്കണമെന്നും ഹരജിയിൽ കമ്മിറ്റി വാദിച്ചു.
മുഗൾ കാലഘട്ടത്തിലുള്ള പള്ളിയാണ് സംഭലിലെ ശാഹി ജമാമസ്ജിദ്. മുൻപ് ഇവിടെ സ്ഥിതി ചെയ്തിരുന്ന ഹരിഹരേശ്വര ക്ഷേത്രം തകർത്താണു പള്ളി നിർമിച്ചതെന്നു ചൂണ്ടിക്കാട്ടി തീവ്ര ഹിന്ദുത്വ സംഘം നൽകിയ ഹർജിയിൽ ആണ് പള്ളിയിൽ സർവേക്ക് സിവിൽ കോടതി ഉത്തരവിട്ടത്. ഉത്തരവിട്ടു മണിക്കൂറുകൾക്കുള്ളിൽ സംഘം സർവേയും തുടങ്ങി. ഞായറാഴ്ച നടന്ന രണ്ടാം ഘട്ട സർവേക്കിടെ ആണ് പ്രതിഷേധിച്ചവർക്ക് നേരെ യുപി പോലിസ് വെടിവച്ചത്. സംഭവത്തിൽ ആറുപേർ ആണ് മരിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





