അപകീര്‍ത്തി കേസ്; രാഹുലിന്റെ അപ്പീല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും
|
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കുറ്റക്കാരനെന്ന മജിസ്‌ട്രേറ്റ് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയും എം.പി സ്ഥാനവും തിരികെ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം സെഷന്‍സ് കോടതിയിലെത്തുന്നത്. വിധി സ്‌റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപ്പീല്‍ നേരത്തെ തള്ളിയ ജഡ്ജി ആര്‍പി മൊഗേരയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
രാഹുലിനു അനുകൂലമായി സുപ്രീം കോടതി മൂന്ന് നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. കേസില്‍ പരമാവധി ശിക്ഷ നല്‍കിയത് എന്തിനായിരുന്നുവെന്നു പരമോന്നത കോടതി ചോദിച്ചിരുന്നു. പരമാവധി ശിക്ഷ നല്‍കിയത് എന്തിനാണെന്നു വ്യക്തമാക്കാന്‍ സെഷന്‍സ് കോടതി ജഡ്ജിക്ക് സാധിച്ചില്ലെന്നും ജന പ്രതിനിധിയെന്ന കാര്യം കണക്കിലെടുത്തില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പരമാവധി ശിക്ഷ നല്‍കിയ കോടതി വിധിയേയും സുപ്രീം കോടതി വിമര്‍ശിച്ചു. മണ്ഡലം ഒഴിഞ്ഞു കിടക്കുന്നത് അവിടുത്തെ ജനങ്ങളുടെ അവകാശത്തെ ബാധിക്കുമെന്നും പരമോന്നത കോടതി നിരീക്ഷിച്ചു. എന്തുകൊണ്ട് പരമാവധി ശിക്ഷ നല്‍കിയെന്ന് വിചാരണക്കോടതി വിശദീകരിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടികാട്ടുകയുണ്ടായി. പിന്നാലെയാണ് സ്‌റ്റേ അനുവദിച്ചത്.





