തൃശൂര്‍ ‘എടുക്കാന്‍’ ഒരുങ്ങുമ്പോള്‍ കിട്ടിയത് ‘കൊല്‍ക്കത്ത’; ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് നിയമനം സുരേഷ് ഗോപിയെ ഒതുക്കാനെന്ന് പരാതി
|
തിരുവനന്തപുരം: കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷനായി നിയമിച്ചതില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരില്‍ സ്ഥാനാര്‍ഥിയാവാന്‍ ഒരുങ്ങുന്നതിനിടയിലാണ് പുതിയ നിയമനം. അതു രാഷ്ട്രീയത്തില്‍ തന്നെ ‘ഒതുക്കാനുള്ള’ നീക്കമാണെന്നു സുരേഷ് ഗോപി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പദവി ഏറ്റെടുക്കും മുമ്പ് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയേക്കും. കേന്ദ്ര നേതൃത്വം നിയമനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സുരേഷ് ഗോപി പരസ്യ പ്രതികരണത്തിനു മുതിരില്ല. എന്നാല്‍ നേതൃത്വത്തെ അതൃപ്തി അറിയിക്കുമെന്നാണ് സൂചന. മാധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി വിവരം അറിഞ്ഞതെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.
തന്നോട് ആലോചിക്കാതെ അധ്യക്ഷ സ്ഥാനം പ്രഖ്യാപിച്ചതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നാണ് അടുപ്പക്കാര്‍ പറയുന്നത്. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അധ്യക്ഷനാക്കി കേന്ദ്ര നേതൃത്വം പ്രഖ്യാപനം നടത്തിയതിനാല്‍ സ്ഥാനം ഏറ്റെടുക്കാതിരിക്കാനും കഴിയില്ല. ബിജെപി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തി തന്റെ ഭാഗം വിശദീകരിക്കാനൊരുങ്ങുകയാണ് സുരേഷ് ഗോപി.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സജീവമാകാനുള്ള ഒരുക്കത്തിലായിരുന്നു സുരേഷ് ഗോപി. കഴിഞ്ഞ തവണ മത്സരിച്ച തൃശൂരില്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പദയാത്ര നടത്താനുള്ള തയാറെടുപ്പിലുമായിരുന്നു. തൃശൂരില്‍ത്തന്നെ മത്സരിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന് ഒപ്പമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന നിലയില്‍ നേരത്തെ പ്രചാരണമുണ്ടായെങ്കിലും സ്ഥാനം ലഭിച്ചില്ല. ഇതിനിടയിലാണ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം.
അതേസമയം സുരേഷ് ഗോപിയുടെ പുതിയ നിയമനത്തില്‍ തങ്ങള്‍ക്കു റോളൊന്നുമില്ലെന്നാണ് ബിജെപി സംസ്ഥാന നേതാക്കള്‍ പറയുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വന്ന ശേഷമാണ് ഇക്കാര്യം തങ്ങള്‍ അറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കുന്നു. അതിനിടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്താലും സജീവരാഷ്ട്രീയത്തില്‍ തുടരുന്നതില്‍ സുരേഷ് ഗോപിക്കു തടസ്സമൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സമൂഹ മാധ്യമം വഴി വിവരം പുറത്തുവിട്ടത്. 3 വര്‍ഷമാണ് കാലാവധി. രാഷ്ട്രീയത്തില്‍ സജീവമാകുന്ന ഘട്ടത്തില്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായി നിയമിക്കുന്നത് ഒതുക്കലിന്റെ ഭാഗമായാണോ എന്ന് അദ്ദേഹത്തിനൊപ്പമുള്ളവര്‍ സംശയിക്കുന്നു.


