22
Aug 2022
Wed
22 Aug 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാഞ്ചി: വീട്ടുജോലിക്കാരിയെ എട്ട് വർഷത്തോളം തടങ്കലിൽ വയ്ക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത് ബിജെപി വനിതാ നേതാവ് അറസ്റ്റിൽ. ഝാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ നേതാവും ബിജെപി ദേശീയ വർക്കിങ് കമ്മിറ്റിയം​ഗവും കേന്ദ്രസർക്കാരിന്റെ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ സംസ്ഥാന കോഡിനേറ്ററുമായ സീമ പത്രയാണ് അറസ്റ്റിലായത്.

 

സീമയുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇന്നലെ ബിജെപിയിൽ നിന്ന് സീമയെ സസ്പെൻഡ് ചെയ്തിരുന്നു. ഝാർഖണ്ഡ് ഗവർണർ രമേഷ് ബൈസ് സംസ്ഥാന പൊലീസ് മേധാവി നീരജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തുകയും സസ്‌പെൻഡ് ചെയ്ത ബിജെപി നേതാവിനെതിരായ നടപടി വൈകുന്നതിൽ ഗൗരവമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് സീമയുടെ അറസ്റ്റ്.

 

“റാഞ്ചിയിലെ അശോക് നഗറിലെ റോഡ് നമ്പർ 1ൽ താമസക്കാരിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയുമായ സീമ പത്ര വീട്ടുജോലിക്കാരിയായ സുനിതയെ ഏറെ മനുഷ്യത്വരഹിതമായ രീതിയിൽ ഉപദ്രവിച്ചെന്ന വാർത്ത ഗവർണർ രമേഷ് ബൈസിന്റെ ശ്രദ്ധയിൽപ്പെട്ടു. കുറ്റവാളികൾക്കെതിരെ പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിൽ ഗവർണർ സംസ്ഥാന പൊലീസ് മേധാവിയോട് അതൃപ്തി പ്രകടിപ്പിച്ചു. പൊലീസിന്റെ അലംഭാവത്തിൽ ഗവർണർ ഗൗരവമായ ഉത്കണ്ഠ പ്രകടിപ്പിച്ചു”- ഗവർണറുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

 

ക്രൂരപീഡനങ്ങളിൽ നിന്ന് രക്ഷപെട്ട് ആശുപത്രിയിൽ കിടക്കുന്ന സുനിതയുടെ വീഡിയോ പുറത്തുവരികയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് ചൊവ്വാഴ്ച വനിതാ നേതാവിനെ ബിജെപി സസ്പെൻഡ് ചെയ്തത്. റിട്ട. ഐഎഎസ് ഓഫീസറായ മഹേശ്വർ പത്രയുടെ ഭാര്യയായ സീമ, വീട്ടുജോലിക്കാരിയായ 29കാരി സുനിതയെ എട്ട് വർഷത്തോളം വീട്ടുതടവിലാക്കി പീഡിപ്പിക്കുകയും ചൂടുള്ള തവിയും ലോഹദണ്ഡുകളും ഉപയോഗിച്ച് മർദിക്കുകയും പൊള്ളിക്കുകയും തറയിലെ മൂത്രം നക്കാൻ നിർബന്ധിക്കുകയും ചെയ്തു.

 

ആശുപത്രിക്കിടക്കയിൽ എഴുന്നേൽക്കാനാവാതെ സുനിത കിടക്കുന്നത വീഡിയോ ആണ് പുറത്തുവന്നത്. പല്ലുകൾ പലതും നഷ്ടപ്പെട്ടിരിക്കുന്നു. എഴുന്നേറ്റിരിക്കാൻ ആവുന്നില്ല. നിരന്തരമുള്ള ക്രൂരപീഡനത്തിന്റെ തെളിവുകളായി ദേഹമാസകലം മുറിവുകളും കാണാം. കേവലം 29 വയസുള്ള സുനിതയുടെ ശരീരമാകെ ശോഷിച്ച നിലയിലാണ്. ഝാർഖണ്ഡിലെ ഗുംല സ്വദേശിയായ സുനിതയെ ക്രൂര പീഡനത്തിൽ നിന്ന് സീമയുടെ മകനായ ആയുഷ്മാനാണ് മോചിപ്പിച്ചത്. ഇരുമ്പുവടി കൊണ്ടടിച്ച് സീമ തന്റെ പല്ലുകൾ തകർത്തതായും സുനിത പറയുന്നു.

 

സീമയുടെ മകൻ ആയുഷ്മാനാണ് തന്നെ സഹായിച്ചത്. അവൻ കാരണം മാത്രമാണ് ഞാൻ ജീവിച്ചിരിക്കുന്നതെന്നും സുനിത പറഞ്ഞിരുന്നു. സുനിതയുടെ അവസ്ഥ ആയുഷ്മാൻ സുഹൃത്തിനോട് വിവരിക്കുകയും സഹായം അഭ്യർഥിക്കുകയുമായിരുന്നു. തുടർന്ന് സുഹൃത്ത് പൊലീസിൽ പരാതി നൽകുകയും സുനിതയെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ റാഞ്ചിയിലെ റിംസ് ആശുപത്രിയിൽ ചികിത്സയിലാണ് സുനിത.