2026 ഫിഫ ലോകകപ്പിലെ ആദ്യത്തെ വലിയ വിവാദത്തിന് ശനിയാഴ്ച നടന്ന ഗ്രൂപ്പ് ബി മത്സരവേദി സാക്ഷ്യം വഹിച്ചു. ഖത്തറും സ്വിറ്റ്സര്‍ലന്‍ഡും തമ്മില്‍ നടന്ന ആവേശകരമായ മത്സരം 1-1 എന്ന നിലയില്‍ സമനിലയിലാണ് കലാശിച്ചത്. സ്വിറ്റ്സര്‍ലന്‍ഡിനായി ബ്രീല്‍ എംബോളോയും ഖത്തറിനായി മിറോ മുഹൈമും ഗോളുകള്‍ നേടി. എന്നാല്‍, സ്വിസ് സ്‌ട്രൈക്കര്‍ എംബോളോ ലക്ഷ്യം കണ്ട പെനാല്‍റ്റി തീരുമാനമാണ് ഇപ്പോള്‍ വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
|
പെനാല്‍റ്റിക്ക് കാരണമായ ഫൗള്‍ നടക്കുന്നതിന് തൊട്ടുമുമ്പ് സ്വിസ് താരം ഓഫ്സൈഡ് നിലയിലായിരുന്നു എന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ലോകകപ്പിന് മുന്നോടിയായി കൂടുതല്‍ കൃത്യതയുള്ള ‘സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യ’ (semi-automated offside mechanism) ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഫിഫ അവകാശപ്പെട്ടിരുന്നു. എന്നിട്ടും, സ്വിസ് താരം റെമോ ഫ്രൂളറെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയ ഈ സംഭവത്തില്‍ വി.എ.ആര്‍ (VAR) ഇടപെടല്‍ ഉണ്ടാകാതിരുന്നതാണ് ആരാധകരെയും ഫുട്‌ബോള്‍ വിദഗ്ധരെയും ചൊടിപ്പിച്ചത്.
നിയമപ്രകാരം ഫൗള്‍ നടക്കുന്നതിന് മുന്‍പ് താരം ഓഫ്സൈഡ് ആണെങ്കില്‍ പെനാല്‍റ്റി അനുവദിക്കാന്‍ പാടില്ല. ഇതിനെതിരെ മുന്‍ ഇംഗ്ലണ്ട് താരം ഗാരി നെവില്‍ ഐ.ടി.വി (ITV) ചാനലില്‍ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്: ‘ഇവിടെയുള്ള ഞങ്ങള്‍ക്കെല്ലാം അത് ഓഫ്സൈഡ് ആണെന്ന് ഉറപ്പാണ്. കളി കാണുന്ന ലക്ഷക്കണക്കിന് ആരാധകര്‍ക്കും അത് മനസ്സിലായിട്ടുണ്ട്. ഫിഫയുടെ പക്കല്‍ ഇത് തെളിയിക്കാനുള്ള ആധുനിക ഗ്രാഫിക്‌സ് സംവിധാനമുണ്ട്. അവര്‍ അത് കാണിക്കുന്നത് വരെ ഇത് ഓഫ്സൈഡ് തന്നെയാണെന്ന് ഞാന്‍ പറയും.’
ALSO READ: വിനീഷ്യസിന്റെ രക്ഷാപ്രവര്‍ത്തനം; മൊറോക്കോയ്ക്കെതിരെ സമനിലയുമായി ബ്രസീല്‍; അലിസണ്‍ വീണ്ടും കാവലാള്‍
നേരത്തെ നടന്ന കാനഡ-ബോസ്‌നിയ മത്സരത്തില്‍ സമാനമായ രീതിയില്‍ ടാനി ഒലുവസെയി എന്ന താരം ഓഫ്സൈഡ് പൊസിഷനില്‍ വെച്ച് ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചിരുന്നു. അന്ന് വി.എ.ആര്‍ ഇടപെട്ടില്ലെങ്കിലും ഫിഫ ഉടന്‍ തന്നെ സെമി ഓട്ടോമേറ്റഡ് അനിമേഷന്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ശനിയാഴ്ചത്തെ മത്സരത്തില്‍ അതുണ്ടായില്ല. ‘ഇതൊരുതരം ഏകാധിപത്യമാണ്. തങ്ങളുടെ പക്കലുള്ള തെളിവുകള്‍ പുറത്തുവിടാതെ ആരാധകരില്‍ നിന്നും ഒളിച്ചുവെക്കുന്ന ഫിഫയുടെ രീതി തികച്ചും പരിഹാസ്യമാണ്. എന്തുകൊണ്ട് അവര്‍ക്ക് സുതാര്യത കാണിച്ചുകൂടാ?’ നെവില്‍ കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക തകരാറെന്ന് ഫിഫയുടെ വിശദീകരണം
വിവാദം കടുത്തതോടെ ഔദ്യോഗിക വിശദീകരണവുമായി ഫിഫ രംഗത്തെത്തി. മത്സരത്തിനിടയിലുണ്ടായ താല്ക്കാലിക സാങ്കേതിക തകരാറാണ് ദൃശ്യങ്ങള്‍ വൈകാന്‍ കാരണമെന്ന് ഫിഫ വ്യക്തമാക്കി.
‘സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ നടന്ന ഖത്തര്‍-സ്വിറ്റ്സര്‍ലന്‍ഡ് മത്സരത്തിന്റെ 14-ാം മിനിറ്റില്‍ പെനാല്‍റ്റി അനുവദിക്കുന്നതിന് തൊട്ടുമുമ്പ്, ചെറിയൊരു സാങ്കേതിക തകരാര്‍ (technical outage) കാരണം ഓഫ്സൈഡ് അനിമേഷന്‍ ഗ്രാഫിക്‌സ് കൃത്യസമയത്ത് തയ്യാറാക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഈ പ്രശ്‌നം പെട്ടെന്ന് തന്നെ പരിഹരിച്ചിരുന്നു,’ ഫിഫ പ്രസ്താവനയില്‍ പറഞ്ഞു.
വി.എ.ആറിന്റെ (VAR) സാധാരണ പരിശോധനകളെ ഈ സാങ്കേതിക പ്രശ്‌നം ബാധിച്ചിട്ടില്ലെന്നും കളിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്വിസ് താരം ഓഫ്സൈഡ് പൊസിഷനില്‍ ആയിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും ഫിഫ അവകാശപ്പെട്ടു. എങ്കിലും ഫിഫയുടെ ഈ വിശദീകരണത്തില്‍ ഖത്തര്‍ ആരാധകരും ഫുട്‌ബോള്‍ നിരീക്ഷകരും പൂര്‍ണ്ണ തൃപ്തരല്ല.
Switzerland vs Qatar: FIFA World Cup 2026 Hit By Huge VAR Controversy

