മക്ക: ഉംറ നിര്‍വഹിക്കാനെത്തിയ മുസ് ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ കഅ്ബയെ പുതക്കുന്ന മക്കയിലെ പ്രശസ്തമായ കിസ്വ നിര്‍മാണ ഫാക്ടറി സന്ദര്‍ശിച്ചു. തങ്ങളുടെ പുത്രന്‍ സയ്യിദ് സിദ്ധീഖലി ശിഹാബ് തങ്ങളും ജിദ്ദ കെഎംസിസി പ്രസിഡന്റ്് അഹമ്മദ് പാളയാട്ട്, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, മറ്റു കെഎംസിസി പ്രവര്‍ത്തകരോടൊപ്പം ഫാക്ടറിയിലെത്തിയ തങ്ങളെ ഫാക്ടറി മേധാവി അഹമ്മദ് ബിന്‍ മുസാഹിദ് അല്‍ സുവൈരിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.
|
ഫാക്ടറിയുടെ കിസ്വ നിര്‍മാണപ്രവര്‍ത്തനങ്ങളും ചരിത്രവും വിശദീകരിച്ചു കൊടുത്തു. കിസ്വ തുന്നുന്നതിനുള്ള സൗകര്യവും ഒരുക്കി. തങ്ങള്‍ തുന്നിയ ഭാഗം അടുത്ത തവണ കഅ്ബയെ പുതപ്പിക്കുന്ന കിസ് വയില്‍ ഉള്‍പ്പെടുത്തുമെന്ന് ഫാക്ടറി മേധാവി പറഞ്ഞു. മുസ്ലിം സമുദായത്തിന്റെ ഐക്യത്തിന്റെ പ്രതീകമായാണ് കഅ്ബയും അതിനെ ആവരണം ചെയ്യുന്ന കിസ്വ കണക്കാക്കപ്പെടുന്നത്.
എ.കെ.ബാവ, ജാഫര്‍ കുറ്റൂര്‍, ഹബീബ് കല്ലന്‍, നൗഷാദ് ചേറൂര്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ കൂടെ ഉണ്ടായിരുന്നു
കിസ്‌വയുടെ ചരിത്രവും പ്രാധാന്യവും
ഇസ്ലാമിലെ ഏറ്റവും പുണ്യഗേഹമായ കഅ്ബയെ പൊതിഞ്ഞ കറുത്ത പട്ടും സ്വര്‍ണ തുണിയുമാണ് കിസ് വ. എല്ലാ വര്‍ഷവും ഹജ്ജ് തീര്‍ഥാടന സീസണില്‍ ഇത് മാറ്റുന്നു. സൗദി സര്‍ക്കാരിന്റെ കീഴിലുള്ള മക്കയിലെ കിസ്വ ഫാക്ടറിയിലാണ് കിസ് വ നിര്‍മിക്കുന്നത്. മക്കയിലെ കിസ് വ ഫാക്ടറിക്ക് സമ്പന്നമായ ചരിത്രമുണ്ട്, ആദ്യകാല ഇസ്ലാമിക കാലഘട്ടത്തില്‍ ഖലീഫ ഒമര്‍ ഇബ്‌നു അല്‍-ഖത്താബിന്റെ ഭരണകാലത്താണ് ഇത് സ്ഥാപിതമായത്, നൂറ്റാണ്ടുകളായി കഅ്ബയെ മൂടുന്ന തുണിയായ കിസ് വയുടെ നിര്‍മാണത്തിന് സൗദി സര്‍ക്കാര്‍ വന്‍ തുകയാണ് വകയിരുത്തുന്നത്.
കിസ് വ ഫാക്ടറി ഒരു ചെറിയ വര്‍ക്ക്ഷോപ്പായിട്ടാണ് ആദ്യം സ്ഥാപിതമായതെങ്കിലും പിന്നീട് വലിയ തോതിലുള്ള പ്രവര്‍ത്തനമായി വളര്‍ന്നു. ഉല്‍പ്പാദന പ്രക്രിയയും വര്‍ഷങ്ങളായി നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. പഴയ കാലങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്നിരുന്ന , കോട്ടണ്‍, സില്‍ക്ക് തുടങ്ങിയ ലളിതമായ തുണിത്തരങ്ങള്‍ ഉപയോഗിച്ചാണ് കിസ് വ നിര്‍മിച്ചിരുന്നത്.
ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഉപയോഗിച്ചിരുന്ന പഴയ കിസ്വയുടെ ഭാഗങ്ങള്‍, ഖാലിദ് രാജാവിന്റെ കാലത്തു പൂര്‍ണമായും 250 കിലോഗ്രാം തങ്കത്തില്‍ നിര്‍മിച്ച കഅ്ബയുടെ വാതില്‍ എന്നിവ ഉള്‍പ്പെടെ പല കഅബയുമായി ബന്ധപ്പെട്ട പല പുരാതന വസ്തുക്കളും ഫാക്ടറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ആധുനിക കാലത്ത്, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉയര്‍ന്ന നിലവാരമുള്ള പട്ടില്‍ നിന്നാണ് കിസ് വ നിര്‍മിക്കുന്നത്.
പട്ട് കഷ്ണങ്ങളാക്കി മുറിച്ച് സ്വര്‍ണം, വെള്ളി നൂലുകള്‍ കൊണ്ട് എംബ്രോയ്ഡറി ചെയ്തു തുന്നിച്ചേര്‍ത്ത് പൂര്‍ണമായ കഅ്ബയുടെ ആവരണം ഉണ്ടാക്കുക എന്നിവയാണ് കിസ് വ നിര്‍മിക്കുന്ന പ്രക്രിയ. കിസ് വ ഫാക്ടറി മക്കയിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്തവുമായ ഫാക്ടറികളില്‍ ഒന്നാണ്. ഇത് ലോകമെമ്പാടുമുള്ള മുസ് ലിംകള്‍ വളരെ ആദരവോടെയാണ് കാണുന്നത്. മക്കയിലെത്തുന്ന വിവിധ രാജ്യ രാജ്യ നേതാക്കളും പണ്ഡിത ശ്രേഷ്ടരും കിസ്വ ഫാക്ടറി സന്ദര്‍ശിക്കുക പതിവാണ് , അവരെ സ്വീകരിക്കുന്നതിന് പ്രത്യക സ്വീകരണ മുറിയും, അവര്‍ക്ക് കിസ് വ തുന്നുന്നതിന്നുള്ള സൗകര്യവും ഫാക്ടറിയോട് അനുബന്ധിച്ചു ഏര്‍പ്പെടുത്തിയിരിക്കുന്നു.
പ്രതിവര്‍ഷം 25 കിസ് വ ഉത്പാദിപ്പിക്കുന്നു, ഓരോന്നിനും ഏകദേശം 670 കിലോഗ്രാം ഭാരവും, 14 മീറ്റര്‍ ഉയരവും 47 മീറ്റര്‍ ചുറ്റളവുമുണ്ട്. ലോകോത്തര ഗുണനിലവാരമുള്ള സ്വര്‍ണ, വെള്ളി നൂലുകള്‍ കൊണ്ട് എംബ്രോയ്ഡറി ചെയ്ത കറുത്ത പട്ടിന്റെ ഒന്നിലധികം കഷണങ്ങള്‍ കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കിസ്വയില്‍ ഖുറാന്‍ വാക്യങ്ങളും മറ്റ് ഇസ് ലാമിക വാക്യങ്ങളും എഴുതാന്‍ ജര്‍മന്‍ നിര്‍മിത സ്വര്‍ണവും വെള്ളിയും നൂല്‍ ഉപയോഗിക്കുന്നു.


