ഡമസ്‌കസ്: വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബശ്ശാററുല്‍ അസദിന് റഷ്യ അഭയം നല്‍കിയതായി റിപ്പോര്‍ട്ട്. കുടുംബസമേതം ബശ്ശാറുല്‍ അസദ് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഉള്ളതായും അദ്ദേഹത്തിനും കുടുംബത്തിനും റഷ്യ അഭയം നല്‍കിയതായും അല്‍ ജസീറ റിപ്പോര്‍ട്ട്‌ചെയ്തു.
|
‘അസദും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും റഷ്യന്‍ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് റഷ്യ അഭയം നല്‍കിയത്,’- റഷ്യന്‍ ഭരണ ആസ്ഥാനമായ ക്രെംലിന്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സിറിയ വിട്ട അസദ് എവിടെയായിരുന്നുവെന്നത് സംബന്ധിച്ച് ഇന്നലെ മുഴുവനായി ദുരൂഹത നിലനിന്നിരുന്നു. ഇന്നലെ പുലര്‍ച്ച അദ്ദേഹത്തിന്റെ വിമാനം ദമസ്‌കസില്‍നിന്ന് പുറന്നുയര്‍ന്നതും ഹുംസിന് സമീപം റഡാറില്‍നിന്ന് അപ്രത്യക്ഷമായതും റഡാറിന്റെ ഡാറ്റയിലുണ്ടായിരുന്നു. 3,600 മീറ്റര്‍ ഉയരത്തില്‍ പറന്ന വിമാനം അല്‍പ്പസമയം എതിര്‍ദിശയില്‍ പറന്ന് മിനുട്ടുകള്‍ക്കകം 1070 താഴ്ചയിലേക്ക് എത്തിയതായും റഡാര്‍ ഡാറ്റയിലുണ്ട്. ഇത് അദ്ദേഹത്തിന്റെ വിമാനത്തിന് വെടിയേറ്റതാണെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. വിമാനം വെടിവച്ചിട്ടോ അല്ലെങ്കില്‍ ട്രാന്‍സ്‌പോണ്ടര്‍ സ്വിച്ച് ഓഫ് ചെയ്‌തോ തുടങ്ങിയ അഭ്യൂഹങ്ങളാണ് ഉയര്‍ന്നത്. ഇതിനിടെയാണ് അദ്ദേഹം റഷ്യയിലെത്തിയതായ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
നേരത്തെ അസദ് കുടുംബത്തിന്റെ അരനൂറ്റാണ്ടിലേറെ നീണ്ട ഏകാധിപത്യം അവസാനിപ്പിച്ചാണ് വിതമര്‍ സിറിയ കീഴടക്കിയത്. 1971ല്‍ അസദിന്റെ പിതാവ് ഹാഫിസുല്‍ അസദ് അധികാരത്തിലേറിയ ശേഷം 2000ല്‍ മരിക്കും വരെ അദ്ദേഹം ഭരിച്ചു. തുടര്‍ന്ന് ഇത്ര കാലം ബശ്ശാറുല്‍ അസദും ഭരിച്ചു.
അസദിന്റെ 24 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചാണ് വിമത സൈന്യം സിറിയ പിടിച്ചടക്കിയത്. സിറിയ പിടിച്ചെടുത്തതായി വിമത സൈന്യമായ ഹയാത് താഹ്രീര്‍ അല്‍ശാം അവകാശപ്പെട്ടു.
Syria war live news Assad in Moscow


