21
Jun 2024
Tue
21 Jun 2024 Tue
India vs Australia

സെന്റ്‌ലൂസിയ: ഏകദിന ലോകകപ്പില്‍ ട്രോഫി തട്ടിയെടുത്ത ഓസീസിന് ഇന്ത്യയുടെ മധുരപ്രതികാരം. (T20 world cup: India Vs Australia matach report) ടി 20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ പഴയ കണക്കു തീര്‍ത്ത് രോഹിതും സംഘവും. ഇതോടെ സൂപ്പര്‍ എട്ടിലെ മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഒന്നില്‍ നിന്ന് സെമിയിലേക്ക് മുന്നേറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ നായകന്‍ രോഹിതിന്റെ മിന്നും പ്രകടനത്തില്‍ 24 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 92 റണ്‍സെടുത്ത രോഹിത്തിന്റെ ഇന്നിങ്സ് മികവില്‍ 20 ഓവറില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറും ഓസ്ട്രേലിയക്കെതിരേ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറുമാണിത്.

വെറും 41 പന്തില്‍ നിന്ന് എട്ടു സിക്സും ഏഴു ഫോറുമടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്സ്. അഞ്ചു പന്തില്‍ ഒരു റണ്‍ പോലും ചേര്‍ക്കാനാവാതെ വിരാട് കോഹ്ലി പവലിയനിലേക്ക് മടങ്ങി. 16 പന്തില്‍ 31 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 28 റണ്‍സെടുത്ത ദുബെയും 27 റണ്‍സെടുത്ത ഹാര്‍ദിക്ക് പാണ്ഡ്യയും ടോട്ടലിലേക്ക് മികച്ച സംഭാവനകള്‍ നല്‍കി. ഓസീസ് ബൗളിങ് നിരയില്‍ ഹാസില്‍വുഡ് മാത്രമാണ് വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ബാക്കിയെല്ലാവരും രോഹിതിന്റെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (6) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ട്രാവിസ് ഹെഡ് – ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് സഖ്യം 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസീസ് മത്സരത്തില്‍ പിടിമുറുക്കി. കുല്‍ദീപ് യാദവിന്റെ പന്തില്‍ മാര്‍ഷിനെ കിടിലന്‍ ക്യാച്ചിലൂടെ പുറത്താക്കി അക്‌സര്‍ പട്ടേലാണ് വഴിത്തിരിവ് സൃഷ്ടിച്ചത്. 28 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 37 റണ്‍സായിരുന്നു മാര്‍ഷിന്റെ സമ്പാദ്യം.

തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്സ്വെല്‍ 12 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ മാര്‍ക്കസ് സ്റ്റോയ്നിസിനെയും (2) മടക്കി അക്‌സര്‍ ഓസീസിനെ പ്രതിരോധത്തിലാക്കി. മാത്യു വെയ്ഡിനും (1) മുന്നേറ്റം സാധ്യമായില്ല. വെയ്ഡിനു പിന്നാലെ അപകടകാരിയായ ടിം ഡേവിഡിനെയും (15) മടക്കിയ അര്‍ഷ്ദീപ് മത്സരം പൂര്‍ണമായും ഇന്ത്യയുടെ വരുതിയിലാക്കി.