22
Jan 2023
Mon
22 Jan 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി നയപ്രഖ്യാപന പ്രസംഗത്തിനിടെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നയപ്രഖ്യാപന പ്രസംഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗം മാത്രം അംഗീകരിക്കണമെന്നും ഗവര്‍ണര്‍ ചേര്‍ത്തതോ ഒഴിവാക്കിയതോ ആയ ഭാഗങ്ങള്‍ പരിഗണിക്കരുതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഇറങ്ങിപ്പോയത്.

തമിഴ്‌നാടിനെ സമാധാനത്തിന്റെ തുറമുഖമെന്ന് വിശേഷിപ്പിച്ച് മതനിരപേക്ഷതയെക്കുറിച്ചും പെരിയോര്‍, ബി.ആര്‍.അംബേദ്കര്‍, കെ.കാമരാജ്, സി.എന്‍.അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളുള്ള സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെ ഉയര്‍ത്തിപ്പിടിക്കുന്ന ‘ദ്രാവിഡ മാതൃക’യെക്കുറിച്ചുള്ള പരാമര്‍ശവും അദ്ദേഹം വായിച്ചില്ല.

ഗവര്‍ണര്‍ വിട്ടുകളഞ്ഞ ഭാഗങ്ങള്‍ സ്പീക്കര്‍ പരിഭാഷയില്‍ വായിച്ചു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കിയ ഗവര്‍ണര്‍ അദ്ദേഹത്തിന്റേതായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. പെരിയാറിന്റേയും അംബേദ്കറുടേയും കാമരാജിന്റേയും അണ്ണാദുരയുടേയും കരുണാനിധിയുടേയും സിദ്ധാന്തങ്ങളും ആശയങ്ങളും പിന്‍തുടരുന്ന സര്‍ക്കാര്‍ ദ്രാവിഡ മോഡല്‍ ഭരണമാണ് കാഴ്ചവെക്കുന്നത് എന്ന ഭാഗമാണ് ഒഴിവാക്കിയത്. ഈ ഖണ്ഡികയിലൊഴികെ എല്ലാഭാഗത്തും മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ പേര് ഗവര്‍ണര്‍ വായിക്കുകയും ചെയ്തു.

എന്നാല്‍, പ്രസംഗത്തിലെ ചിലഭാഗങ്ങള്‍ ഒഴിവാക്കി ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രമേയം പാസാക്കി. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.

സംസ്ഥാനത്തിന്റേ പേര് തമിഴ്‌നാട് എന്നതിന് പകരം തമിഴകം എന്നാക്കണമെന്ന ആര്‍.എന്‍. രവിയുടെ പ്രസ്താവനയ്‌ക്കെതിരെ, അദ്ദേഹം പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ഗവര്‍ണര്‍ ചൂതാട്ടകമ്പനികളുടെ ഒത്താശക്കാരനാണെന്നും ചില അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. ഓണ്‍ലൈന്‍ റമ്മി നിരോധന നിയമം അടക്കം സര്‍ക്കാര്‍ പാസാക്കിയ 21 ബില്ലുകളാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിടാതെ മാറ്റിവെച്ചിരുക്കുന്നത്.