30
May 2023
Mon
30 May 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. സംസ്‌കാരം നടക്കുന്ന മദ്രസയിലും എത്തി. തിരൂരങ്ങാടിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ അടക്കമുള്ളവരുമായി യോഗം ചേര്‍ന്നു. 8 മന്ത്രിമാരും ഡിജിപിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പരപ്പനങ്ങാടിയില്‍ പൊതുദര്‍ശനത്തിനുവച്ചു. ഇതിനുശേഷമാകും സംസ്‌കാരചടങ്ങുകള്‍.

22 പേരാണ് ദുരന്തത്തില്‍ മരിച്ചത്. മരിച്ചവരില്‍ 7 കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ 9 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ടുപേര്‍ ഇവരുടെ ബന്ധുക്കളും. പരുക്കേറ്റ 9 പേര്‍ ചികിത്സയിലാണ്. ഇതില്‍ നാലുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 25 പേര്‍ക്കു യാത്ര ചെയ്യാവുന്ന ബോട്ടില്‍ 40 ലേറെ പേര്‍ ഉണ്ടായിരുന്നുവെന്നാണു നിഗമനം. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു.

 

പരപ്പനങ്ങാടിതാനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ പൂരപ്പുഴയില്‍ ഒട്ടുംപുറം തൂവല്‍ തീരത്തിനുസമീപം ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. ഒരു കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ തുടരുന്നു. എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാസേനയുമാണ് തിരച്ചില്‍ നടത്തുന്നത്. നേവിയും എത്തി. കോസ്റ്റ്ഗാര്‍ഡിന്റെയും സഹായം തേടിയിട്ടുണ്ട്. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. കുട്ടികള്‍ ഉള്‍പ്പെടാതെ 39 പേര്‍ക്ക് ടിക്കറ്റ് നല്‍കിയെന്നാണ് സൂചന.

ബോട്ടുടമ താനൂര്‍ സ്വദേശി നാസര്‍ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിനോദ സഞ്ചാരത്തിനു വേണ്ട ഫിറ്റ്‌നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു.