02
Aug 2023
Wed
02 Aug 2023 Wed

‘എന്തേ പാകിസ്താനില്‍ പോയില്ല..’?; യു.പിക്ക് പുറമെ ഡല്‍ഹിയിലും വിദ്വേഷവുമായി സ്‌കൂള്‍ അധ്യാപിക, നടപടി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: വിഭജന കാലത്ത് കുടുംബം എന്തുകൊണ്ട് പാകിസ്ഥാനിലേക്ക് പോയില്ലെന്ന് ചോദിച്ച് മുസ്ലിം വിദ്യാര്‍ത്ഥികളെ അവഹേളിക്കുകയും മതവിശ്വാസത്തെ ചോദ്യം ചെയ്യുകയും ചെയ്ത അധ്യാപികയ്‌ക്കെതിരെ കേസ്. ഡല്‍ഹിയിലെ ഗാന്ധിനഗറിലെ സര്‍വോദയ ബാല വിദ്യാലയത്തിലെ അധ്യാപിക ഹേമ ഗുലാത്തിക്ക് എതിരെയാണ് നാല് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. ‘ചന്ദ്രയാന്‍ 3’ന്റെ വിജയത്തെക്കുറിച്ചു വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതിനിടെയായിരുന്നു അധ്യാപിക ഹേമ ഗുലാത്തിയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.

വിഭജന സമയത്ത് എന്തുകൊണ്ട് നിങ്ങള്‍ പാകിസ്ഥാനിലേക്ക് പോയില്ല?. നിങ്ങള്‍ ഇന്ത്യയില്‍ എന്തിന് തുടര്‍ന്നു ?. ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ നിങ്ങള്‍ ഒരു സംഭാവനയും നല്‍കിയില്ല.. എന്നിങ്ങനെ അധ്യാപിക പറഞ്ഞെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പറയുന്നത്. മുസ്‌ലിംകള്‍ ഇറച്ചി കഴിക്കുന്നവരാണെന്ന് അധിക്ഷേപിച്ചതായും മറ്റു വിദ്യാര്‍ത്ഥിയുടെ മാതാവ് പരാതി നല്‍കി. ഖുര്‍ആനെയും ഇവര്‍ അധിക്ഷേപിച്ചെന്ന് പരാതിയിലുണ്ട്. മുസ്‌ലിമായതുകൊണ്ട് താന്‍ ഇന്ത്യക്കാരനാകില്ലേ എന്നാണു ഒരു വിദ്യാര്‍ത്ഥി അധ്യാപികയോട് ചോദിച്ചത്. കൃത്യമായ വര്‍ഗീയ വിദ്വേഷമാണിത്. ഇതിനുമുന്‍പും ഇതേ അധ്യാപിക ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഹിന്ദുമുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാനാണ് അധ്യാപികയുടെ നീക്കമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

പരാതി പരിശോധിച്ചുവരികയാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന അധ്യാപികയെ പിരിച്ചുവിടണമെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യം.

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ സ്‌കൂളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതിനു പിന്നാലെയാണ് ഡല്‍ഹിയിലെയും സംഭവം പുറത്തുവരുന്നത്.