25
Mar 2024
Sat
25 Mar 2024 Sat

വെയിലത്ത് കാത്തിരുന്ന് മുഷിഞ്ഞ് ജനങ്ങള്‍: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്നും തടസപ്പെട്ടു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം സെര്‍വര്‍ തകരാറിനെത്തുടര്‍ന്ന് ഇന്നലെ മുന്‍ഗണനാ കാര്‍ഡുകളുടെ ഇ-കെ.വൈ.സി മസ്റ്ററിങ് മുടങ്ങിയതിന് പിന്നാലെ ഇന്നും റേഷന്‍ കാര്‍ഡ് മസ്റ്ററിങ് തടസപ്പെട്ടു. എല്ലാ റേഷന്‍ കടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് സര്‍വര്‍ തകരാറിലായത്. നിലവില്‍ നാലര ലക്ഷത്തോളം മഞ്ഞ, പിങ്ക് കാര്‍ഡുകളാണ് മസ്റ്ററിങ് നടത്തിയത്. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് നിര്‍ബന്ധമായും നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെയും ഇന്നും നാളെയുമായി സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായി നിര്‍ത്തിവച്ച് മസ്റ്ററിങ് നടപടികള്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, രണ്ടു ദിവസമായി റേഷന്‍ കടകളിലെല്ലാം സാങ്കേതികപ്രശ്‌നങ്ങള്‍ നേരിടുകയാണ്.

കൊടും ചൂടില്‍ നൂറുകണക്കിനു പേരാണ് മസ്റ്ററിങ് നടത്താന്‍ റേഷന്‍കടകളില്‍ രാവിലെതൊട്ട് എത്തിയത്. എന്നാല്‍, സാങ്കേതിക തകരാര്‍ കാരണം മസ്റ്ററിങ് നടത്താനാകാതെ പലരും മടങ്ങിപ്പോകുകയായിരുന്നു. കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ കാത്തുനിന്നിട്ടും പരിഹാരമില്ലാതെയാണു പലരും മടങ്ങിയത്. ഇപ്പോഴത്തെ സര്‍വര്‍ മാറ്റാതെ പ്രശ്‌നം പരിഹരിക്കാന്‍ ആകില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഇന്നലെ ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചിരുന്നു. മഞ്ഞനിറമുള്ള കാര്‍ഡുകാര്‍ക്ക് സാധ്യമായാല്‍ മസ്റ്ററിങ് നടത്താം. അരിവിതരണവും മസ്റ്ററിങ്ങും ഒന്നിച്ചുനടത്തിയാല്‍ സാങ്കേതിക പ്രശ്‌നം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇകെ.വൈ.സി. അപ്‌ഡേഷന്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അടുത്തമാസംമുതല്‍ റേഷന്‍ വിതരണത്തെയും സബ്‌സിഡിയെയും ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നു മടങ്ങിയവരെല്ലാം മറ്റൊരു ദിവസം എത്തേണ്ടിവരും. സിവില്‍ സപ്ലൈസ് വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കണക്കനുസരിച്ച് എ.എ.വൈ., പി.എച്ച്.എച്ച്. വിഭാഗങ്ങളിലായി ജില്ലയില്‍ 3,82,533 കാര്‍ഡുകളും 1,309,738 ഗുണഭോക്താക്കളുമുണ്ട്. ഇതില്‍ 12 ശതമാനമാണ് മഞ്ഞ കാര്‍ഡ് ഉപയോഗിക്കുന്നത്.

Technical glitch stalls mustering exercise for ration card holders