21
Sep 2022
Wed
21 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോയമ്പത്തൂർ: നവോഥാന നേതാവ് പെരിയാറിന്റെ പേരില്‍ തുടങ്ങിയ ഹോട്ടൽ തകർത്ത് അമ്മയും മകനും ഉൾപ്പെടെയുള്ള ഉടമകളെ ക്രൂരമായി മർദിച്ച് ഹിന്ദു മുന്നണി പ്രവർത്തകർ. കോയമ്പത്തൂർ കാരമട കണ്ണാര്‍പാളയം നാൽറോഡില്‍ ആരംഭിച്ച ‘തന്തൈ പെരിയാര്‍ ഉണവകം’ എന്ന പേരിലുള്ള ഹോട്ടലാണ് തീവ്ര ഹിന്ദുത്വവാദികൾ ഉദ്ഘാടന ദിവസത്തിന്റെ തലേന്നെത്തി തകർത്തത്.

 

ഹോട്ടലിന്റെ ഉടമകളായ കണ്ണാർപാളയം സ്വദേശി പ്രഭാകരൻ, നാഗറാണി (38) മകന്‍ അരുണ്‍ (20) എന്നിവരെയാണ് ഹിന്ദുമുന്നണി അക്രമികള്‍ മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ നാഗറാണിക്ക് തലയില്‍ 38 തുന്നിക്കെട്ടുണ്ട്. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ അരുണിന് 36 തുന്നിക്കെട്ടുണ്ട്. ഇവരും പ്രഭാകരനും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആറ് ഹിന്ദുമുന്നണി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇനിയും രണ്ട് പേര് കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

ചൊവ്വാഴ്ച വൈകീട്ടാണ് ഹോട്ടലിന്റെ ബോര്‍ഡ് കണ്ട് അക്രമികളെത്തി ചോദ്യം ചെയ്തത്. ബുധനാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന ഹോട്ടലിന്റെ അവസാനഘട്ട മിനുക്കുപണികൾ ചെയ്തുകൊണ്ടിരിക്കെയായിരുന്നു സംഭവം. സുഹൃത്തായ അരുണിനും അമ്മയ്ക്കും വേണ്ടി, പെരിയാർ അനുയായിയായ പ്രഭാകരൻ തുടങ്ങിയതാണ് ‘തന്തൈ പെരിയാര്‍ ഉണവകം’ എന്ന ഹോട്ടൽ.

 

ബോർഡ് കണ്ട് ഹോട്ടലിലേക്ക് ഇരച്ചെത്തിയ അക്രമികൾ, കോയമ്പത്തൂർ പോലൊരു “ഹിന്ദു കോട്ട”യിൽ പെരിയാറിന്റെ പേരിൽ എങ്ങനെയാണ് ഒരു റസ്റ്റോറന്റ് തുടങ്ങാൻ സാധിക്കുക എന്ന് ചോദിച്ചു. എന്തിനാണ് പെരിയാറിന്റെ പേരിൽ ​ഹോട്ടൽ തുട‌ങ്ങുന്നതെന്നും അക്രമികൾ പ്രഭാകരനോട് ചോദിച്ചു. തുടർന്ന് കടക്കാരുമായി തർക്കത്തിലായ ഹിന്ദുത്വ അക്രമികൾ ഹോട്ടലിലെ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും  പ്രഭാകരനേയും നാ​ഗറാണിയേയും അരുണിനേയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.

 

കൂടാതെ, പ്രഭാകരനെ അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്തു. അക്രമികൾക്കെതിരെ പ്രഭാകരൻ കാരമട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് രവിഭാരതി, ശരവണകുമാർ, സുനിൽ, വിജയകുമാർ, പ്രഭാകരൻ, പ്രഭു എന്നീ ഹിന്ദുമുന്നണി പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.

 

ഐപിസി 146 (കലാപം), 447 (ക്രിമിനൽ അതിക്രമം), 294 (ബി) (പൊതുസ്ഥലത്ത് അശ്ലീല വാക്കുകൾ ഉപയോ​ഗിക്കുക), 323 (മുറിവേൽപ്പിക്കുക) എന്നിവയും 1959ലെ തമിഴ്‌നാട് പൊതുസ്ഥലം വികൃതമാക്കൽ തടയൽ നിയമത്തിന്റെ 3, 4 വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.