പറവൂര്‍: ആംബുലന്‍സ് ചാര്‍ജിനു വേണ്ടിയുള്ള തര്‍ക്കംമൂലം ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനാല്‍ വയോധിക മരിച്ചു. മരണത്തില്‍ താലൂക്ക് ഗവ. ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറുടെ അനാസ്ഥയുണ്ടെന്നു കാട്ടി ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. നീണ്ടൂര്‍ കൈതക്കല്‍ വീട്ടില്‍ അസ്മ (72) യാണ് ആംബുലന്‍സ് ഡ്രൈവറുടെ അനാസ്ഥയെ തുടര്‍ന്ന് മരിച്ചത്. പരാതിയെത്തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു.
|
അസ്മയുടെ ചെറുമകന്‍ കെ.എ. മനാഫ്, വാര്‍ഡ് മെംബര്‍ വി.എ. താജുദ്ദീന്‍ എന്നിവര്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. കടുത്ത പനിമൂലം ചൊവ്വാഴ്ച രാവിലെയാണ് അസ്മയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. രോഗം കൂടുതലായതിനാല്‍, എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശം നല്‍കി. രോഗിയെ ആശുപത്രിയുടെ ആംബുലന്‍സില്‍ കയറ്റിയെങ്കിലും വാഹന വാടകയായ 900 രൂപ തന്നാല്‍ മാത്രമേ കൊണ്ടുപോകൂ എന്ന് ഡ്രൈവര്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. ഈ സമയം കൂടെയുള്ളവരുടെ കൈയില്‍ പണം ഉണ്ടായിരുന്നില്ല. രോഗിയെ എത്തിച്ച ശേഷം നല്‍കാം എന്ന് പറഞ്ഞെങ്കിലും ഡ്രൈവര്‍ വഴങ്ങിയില്ല. അര മണിക്കൂറിനു ശേഷം നീണ്ടൂരുള്ള വീട്ടിലെത്തി പണം എടുത്ത് ഡ്രൈവര്‍ക്ക് നല്‍കിയതിനെ തുടര്‍ന്നാണ് രോഗിയെയും കൊണ്ട് ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ ഡ്രൈവര്‍ തയ്യാറായത്.
ആശുപത്രിയില്‍ എത്തി മിനിറ്റുകള്‍ക്കകം അസ്മ മരിച്ചു. സാമ്പത്തിക കാര്യങ്ങളില്‍ നിര്‍ബന്ധം കാണിച്ച് കൊണ്ടുപോകാന്‍ താമസിച്ചതാണ് മരിക്കാന്‍ കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുറ്റക്കാരനായ ഡ്രൈവര്‍ക്കെതിരേ നടപടി എടുക്കണമെന്നാണ് ആവശ്യം. അസ്മയുടെ ഭര്‍ത്താവ്: പരേതനായ അലി. മക്കള്‍: അബൂബക്കര്‍, സുല്‍ബത്ത്. മരുമക്കള്‍: സുഹ്റ, ഹനീഫ.





