കോഴിക്കോട്: മുതലക്കുളം ക്ഷേത്രത്തിനായി ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവാദ പിരിവ് നിർത്തിവച്ച് സിറ്റി പൊലീസ്. ക്ഷേത്ര നടത്തിപ്പിനായി എല്ലാ ഉദ്യോഗസ്ഥരിൽ നിന്നും മാസം 20 രൂപ പിരിക്കാനുള്ള തീരുമാനം വിവാദമായതിന് പിന്നാലെയാണ് നടപടി. പണപ്പിരിവിനായി സിറ്റി പൊലീസ് കമ്മീഷണർ ഇറക്കിയ സർക്കുലർ പിൻവലിച്ചു. നിർബന്ധിത സ്വഭാവത്തിലുള്ള പിരിവിനെതിരെ സേനയിൽ നിന്നടക്കം എതിർപ്പുയർന്നിരുന്നു.
|
കമ്മീഷണർക്കു വേണ്ടി അഡീ. പൊലീസ് സൂപ്രണ്ട് ഒപ്പുവച്ചാണ് പുതിയ സർക്കുലർ. തീരുമാനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്നാണ് പുതിയ സർക്കുലറിൽ പറയുന്നത്. കോഴിക്കോട് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പിനുള്ള ധനസമാഹരണത്തിനായാണ് ജില്ലാ പൊലീസ് മേധാവി സർക്കുലർ പുറത്തിറക്കിയത്. ഈ മാസം 19നായിരുന്നു ഇത്.
മാസം 20 രൂപ വച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കാനായിരുന്നു തീരുമാനം. പിരിവ് നൽകാൻ തയ്യാറല്ലാത്തവർ 24നകം അറിയിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടിരുന്നു. ഇത് സേനയിൽ വിഭാഗീയത സൃഷ്ടിക്കാൻ കാരണമാകും എന്ന വിമർശനം ഉയർന്നിരുന്നു. പണം നൽകാൻ താൽപര്യമുള്ളവരുടെ വിവരം ശേഖരിച്ചാൽ മതിയെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത്.
ഉദ്യോഗസ്ഥരുടെ സമ്മതമില്ലാതെ അവരിൽ നിന്നും പണം പിരിക്കാൻ ഡിജിപിക്ക് പോലും അധികാരം ഇല്ലെന്നിരിക്കെയാണ് ഒരു ജില്ലാ പൊലീസ് മേധാവി ഇത്തരമൊരു സർക്കുലർ പുറത്തിറക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. സംഭാവന നൽകാത്തവരെ പ്രത്യേക വിഭാഗമാക്കി മാറ്റുന്നതിലൂടെ സേനയ്ക്കുള്ളിൽ ബോധപൂർവം വിഭാഗീയത സൃഷ്ടിക്കുകയാണെന്നും ആക്ഷേപം ഉയർന്നു. വിവിധ മതസ്ഥരും ദൈവ വിശ്വാസമില്ലാത്തവരും പൊലീസിൽ ഉണ്ടെന്നിരിക്കെയായിരുന്നു ഈ നിർബന്ധിത പണപ്പിരിവ് സർക്കുലർ.
ക്ഷേത്രം മലബാർ മലബാർ ദേവസ്വം ബോർഡിന് കൈമാറി നടത്തിപ്പ് ചുമതലയിൽ നിന്ന് പൊലീസ് പിന്മാറണമെന്ന അഭിപ്രായം ശക്തമാണ്. വർഷങ്ങളായി പൊലീസുകാരുടെ ശമ്പളത്തിൽ നിന്ന് ഇത്തരത്തിൽ ക്ഷേത്രത്തിനായി പണപ്പിരിവ് നടത്തിയിരുന്നെങ്കിലും വിവാദമായതിനെ തുടർന്ന് 2022ൽ നിർത്തിവച്ചിരുന്നു. ഇതിനിടെയാണ് പണപ്പിരിവിനായി വീണ്ടും സർക്കുലർ ഇറക്കിയതും അത് ഇപ്പോൾ പിൻവലിച്ചതും.
ബ്രിട്ടീഷുകാരുടെ കാലത്ത് പൊലീസ് നടത്തിയിരുന്ന മൂന്ന് ആരാധനാലയങ്ങളിൽ ഒന്നായിരുന്നു ഈ ക്ഷേത്രം. എന്നാൽ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ചർച്ചും പള്ളിയും വിശ്വാസികൾക്ക് വിട്ടുകൊടുത്തെങ്കിലും ക്ഷേത്രം വിട്ടുകൊടുത്തില്ല. ക്ഷേത്രം നോക്കാൻ എആർ ക്യാമ്പിൽ നിന്ന് പൊലീസുകാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.





