22
Jan 2023
Thu
22 Jan 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

മലപ്പുറം: അശരണരായ രോഗികളെ നോക്കുകുത്തികളാക്കി യുവാക്കളുടെ വന്‍ സംഘം യാചക വൃത്തിനടത്തുന്നു. മലപ്പുറത്താണ് ഇത്തരത്തിലുള്ള വന്‍ സംഘം തട്ടിപ്പ് നടത്തുന്നത്. മാറാരോഗങ്ങള്‍ക്കടിമപ്പെട്ടവരുടെ പേരും ഫോട്ടോയും ഫോണ്‍ നമ്പറും കാണിച്ചാണ് ഇവര്‍ ഈ തട്ടിപ്പ് നടത്തുന്നത്. പേരും ഫോട്ടോയും തന്നാല്‍ ദിവസം 2,000 രൂപ തയ്യാറാക്കി തരാമെന്ന് ഇവര്‍ രോഗികളെ അറിയിക്കുന്നു. രോഗികള്‍ ഇതു സമ്മതിക്കുന്നു. തുടര്‍ന്ന് നല്‍കാമെന്നേറ്റ തുകയുടെ എത്രയോ ഇരട്ടി പണം യുവാക്കള്‍ ശേഖരിക്കുന്നു. രോഗികളുടെ നിശ്ചിത തുക കൊടുത്തു കഴിഞ്ഞാല്‍ ബാക്കി തുക ഈ യുവാക്കള്‍ സ്വന്തമാക്കുകയാണ് ചെയ്യുന്നു.
ടൗണിലെ ലോഡ്ജുകളില്‍ ആണ് ഈ സംഘം തമ്പടിച്ചിരിക്കുന്നത്. ബാക്കി തുക കൊണ്ട് അടിച്ച് പൊളിക്കുക എന്ന ലക്ഷ്യമാണ് ഈ സംഘത്തിനുള്ളത്. മലപ്പുറത്ത് ഇങ്ങനെ ഇറങ്ങിയവരില്‍ അധികവും തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. പത്രങ്ങളില്‍ കാണുന്ന പരസ്യങ്ങള്‍ മുഖാന്തരമാണ് ഇവര്‍ രോഗികളെ കണ്ടെത്തുന്നത്.
രോഗികളുടെ വലിയ ഫ്‌ളക്‌സുകള്‍ ട്രാഫിക്‌സ് സിഗ്നലുകളില്‍ വച്ച് ഇവര്‍ പണം ശേഖരിക്കുന്നുണ്ട്.
വ്യാജ സംഘം കൂടിയതോടെ അര്‍ഹരായ രോഗികള്‍ക്കൊന്നും പണം ലഭിക്കുന്നില്ലെന്നാണ് പരാതി. ഈ സംഘങ്ങള്‍ നഗരത്തില്‍ കൂടിയതോടെ ഗ്രാമങ്ങളിലേക്കും ഇവര്‍ ചേക്കേറി. മലപ്പുറത്തെ പല സിഗ്നലുകളില്‍ നിരവധി കലക്ഷനുകളാണ് നടക്കുന്നത്. ഇതില്‍ അടുത്തിടെ ചില യുവാക്കളെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. ബന്ധപ്പെട്ട നമ്പറുകളില്‍ വിളിക്കുമ്പോള്‍ ഇതു സംബന്ധിച്ച് യാതൊരു വിവരവും ഇല്ലാത്തവരാണ് സംസാരിക്കുന്നത്. നിര്‍ധനരായ രോഗികളുടെ പേരില്‍ നടക്കുന്ന ഈ തട്ടിപ്പില്‍ നടപടിയെടുക്കാന്‍ പോലിസിനും കഴിയുന്നില്ല.