29
Dec 2023
Fri
29 Dec 2023 Fri

ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃ സഹോദരി ഹഫ്‌സത്ത് അറസ്റ്റില്‍. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ വടകര ഉ്യടജക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നു ഹഫ്‌സത്ത്. സംഭവത്തില്‍ ഭര്‍തൃ മാതാവിനെയും ഷബ്നയുടെ ഭര്‍ത്താവായ ഹബീബിന്റെ അമ്മാവന്‍ ഹനീഫയെയും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 3 ആയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തേ കോഴിക്കോട്ടെ ലോഡ്ജില്‍ നിന്നായിരുന്നു ഭര്‍തൃ മാതാവ് നബീസയെ അറസ്റ്റ് ചെയ്തത്. ഷബ്നയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്നു ഇവര്‍. ഷബ്‌നയുടെ മരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്. ഷബ്‌നയുടെ മകളുടെ മൊഴി പോലീസ് രേഖപെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ മാതാവും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഹബീബിന്റെ അമ്മാവന്‍ ഹനീഫയെ അറസ്റ്റ് ചെയ്തത്. ഷബ്‌നയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ഹബീബിന്റെയും സഹോദരി ഹഫ്‌സത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയും ഭര്‍തൃമാതാവ് നബീസയുടെയും അമ്മാവന്‍ ഹനീഫയുടെയും ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രായം പരിഗണച്ച് ഭര്‍തൃപിതാവ് മഹമൂദ് ഹാജിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

ഡിസംബര്‍ നാലിനായിരുന്ന ഷബ്‌നയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ നിരന്തര പീഡനമാണ് ഷബ്‌ന തൂങ്ങി മരിക്കാന്‍ ഇടയാക്കിയതെന്നാണു ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതി. ഭര്‍തൃവീട്ടില്‍ വച്ച് ഭര്‍ത്താവ് ഹബീബിന്റെ അമ്മാവന്‍ ഹനീഫ് ഷബ്‌നയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 2010ലാണു ഷബ്‌ന വിവാഹിതയായത്. ഹബീബ് പ്രവാസിയാണ്.