16
Apr 2024
Sat
16 Apr 2024 Sat

കോഴിക്കോട്: കേരളത്തെ വെല്ലുവിളിച്ച് സംഘ്പരിവാറിൻ്റെ വിവാദമായ പ്രൊപ്പഗണ്ട സിനിമ ദി കേരളാ സ്റ്റോറി താമരശേരി രൂപത ഇന്ന് പ്രദർശിപ്പിക്കും. രൂപതക്ക് കീഴിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലുമാണ് കേരള വിരുദ്ധചിത്രം പ്രദർശനം സംഘടിപ്പിക്കുക. വൈകിട്ട് മൂന്ന് മണിക്ക് ശേഷം കെസിവൈഎമ്മിൻറെ വിവിധ യൂണിറ്റുകളിൽ പ്രദർശനം ഉണ്ടാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനവുമായി താമരശേരി രൂപത രംഗത്തെത്തിയിരുന്നു. പ്രണയക്കെണിക്ക് എതിരായ ബോധവത്കരണം എന്ന നിലയിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത് എന്നാണ് രൂപതയുടെ ന്യായം. തെറ്റായ രാഷ്ട്രീയ സന്ദേശം നൽകുമെന്ന് കെസിബിസിയും സിറോ മലബാർ സഭയും മുന്നറിയിപ്പ് നൽകിയിട്ടും തീരുമാനവുമായി താമരശേരി രൂപത മുന്നോട്ട് പോവുകയാണ്.

കേരള സ്റ്റോറി പ്രദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട “മണിപ്പൂർ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്” എന്ന ഡോക്യുമെൻ്ററി എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പളളിയിൽ പ്രദർശനം നടത്തിയിരുന്നു. സാൻജോപുരം പള്ളിയിലെ നൂറിലേറെ വരുന്ന വേദപഠനം വിദ്യാർത്ഥികൾക്ക് മുന്നിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.

അതേ സമയം കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന തലശ്ശേരി അതിരൂപത പിന്നീട് നിലപാട് വ്യകതമാക്കിയിരുന്നു. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ അതിരൂപത ഉദ്ദേശിക്കുന്നില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കാനില്ലെന്നും തിരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദൂരദർശൻ വഴി പ്രദർശിപ്പിച്ച ദ കേരള സ്റ്റോറിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കി രൂപത ചിത്രം പ്രദർശിപ്പിച്ചത്.

ഇടുക്കി രൂപത കേരള സ്റ്റോറി പ്രദ‍ർശിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രം​ഗത്തെത്തിയിരുന്നു.

The Kerala Story Screening by Thamarassery diocese Today