17
Apr 2023
Tue
17 Apr 2023 Tue

സലാഹുദ്ദീന്‍ അയ്യൂബി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഠിന കഠോരരമീ അണ്ഡകടാഹം സിനിമ ഒരു പൊളിച്ചഴുത്താണ്. കോവിഡ് അന്ധവിശ്വാസികളുടെ ഗ്യാസ് പോകാൻ സാധ്യതയുള്ളതിനാൽ അവർ മാസ്ക് ഉപയോഗിച്ചു തന്നെ സിനിമ കാണണം. പിന്നെ ഒരിക്കലും തന്നെ ജീവിതത്തിൽ നിന്ന് ആ മാസ്ക് ഊരിക്കളയരുത്. കാരണം കോവിഡ് കാലത്ത് മനുഷ്യന്റെ മുഖത്ത് മാസ്ക് ഇടുവിച്ചത് ജീവിതത്തിന് നിങ്ങൾക്ക് ഇത്ര ശ്വാസം മതി എന്ന് പഠിപ്പിക്കാനാണ്. ഉണ്ട, പുഴു പോലെയുള്ള ക്ലാസ്സ് സിനിമകളുടെ തിരയെഴുത്തുകാരനായ എന്റെ പ്രിയ സുഹൃത്ത് ഹർഷദ് തിരക്കഥയെഴുതിയ ഈ സിനിമയിൽ ബേസിൽ ജോസഫ് എന്ന നടന് തന്നിൽ തന്നെയുള്ള അപാരമായ ചില സാധ്യതകളെ വിസ്മയിപ്പിക്കും വിധം കണ്ടെടുക്കാനാവുന്നുണ്ട്.

ഒരുകാലത്തും ഞാൻ വിശ്വസിക്കാത്ത യുക്തിവിരുദ്ധ പ്രാസംഗികനായ സമദാനി എന്ന മനുഷ്യനെ പഴയ പൊറാട്ട മൈദ ഹാസ്യം ഉപയോഗിച്ചുതന്നെ കൈകാര്യം ചെയ്തത് വ്യക്തിപരമായി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യമാണ്. കാരണം ആ ഒരു കാര്യത്തിലാണ് അയാൾ വലിയ കപടനാണ് എന്നെനിക്ക് ബോധ്യപ്പെട്ടത്. സൂഫി സംഗീത കലാകാരനായ ഉസ്താദ് സമീർ ബിൻസിയായിരുന്നു പഴയകാലത്തെ ഒരു തമാശക്കിടയിൽ അതിന്റെ പിതാവായത്. വെറും തമാശമായിരുന്നു അത്. എന്നാൽ എങ്ങിനെയോ അത് വൈറലായി. ആദരണീയനായ ശിഹാബ് തങ്ങൾ മരണപ്പെട്ടതിന് അടുത്ത ദിവസം കോട്ടക്കൽ വച്ച് ഒരു അനുസ്മരണ പരിപാടി നടന്നിരുന്നു. അങ്ങനെ ഒന്ന് തന്നിൽ നിന്ന് ഉണ്ടായതിനു മാപ്പ് പറയാൻ വേണ്ടി ഈയുള്ളവനെ വ്യക്തിപരമായി ബന്ധപ്പെട്ട് സമീർ ബിൻസി സമദാനിയോട് അന്ന് മാപ്പ് ചോദിക്കാൻ തീരുമാനിച്ചു. ആൾക്കൂട്ടത്തിൽ നിന്നും ഒറ്റയ്ക്ക് നിന്നിരുന്ന സമദാനിയെ നിരീക്ഷിച്ച ബിൻസി എന്നെ വിളിച്ചിരുന്നു. അക്കാലത്ത് നേരിയ ചില ബന്ധങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ സമദാനിയെ ബന്ധപ്പെട്ടു. സങ്കോചം രേഖപ്പെടുത്താനുള്ള ഒരവസരമുണ്ടാക്കി കൊടുക്കുകയുണ്ടായി. സമദാനി സമ്മതിച്ചതുകൊണ്ട് മാത്രം ബിൻസി അതിനു ഒരുങ്ങി.

എന്നാൽ ആ അനുസ്മരണ വേദിയിൽ പോലും സമദാനി എന്ന കപടനാട്യക്കാരൻ നിലവിട്ടു പെരുമാറുകയാണ് ഉണ്ടായത്. ആത്മാർഥതയുള്ള കലാകാരനെ അഭിനന്ദിക്കുന്നതിനു പകരം നൃശംസിക്കുകയാണ് ചെയ്തത്. മാസ്കിനുവേണ്ടി ഇഖ്ബാലിന്റെ ‘നിഖ്ലോനാ ബെനിഖാബ്, സമാനാ ഖറാബ് ഹെ’ എന്ന കവിത വരെ വളച്ചൊടിച്ച് സംസാരിച്ച അദ്ദേഹത്തെ കൈകാര്യം ചെയ്തതിന് ഞാൻ കഥാകൃത്തിനെയും സംവിധായകനെയും പുകഴ്ത്തുന്നത് വ്യക്തിപരമായ എന്റെ കാര്യം മാത്രമാണ്. അതിൽ കെറുവിക്കേണ്ടതില്ല ഒരു പക്ഷേ സമദാനി നിങ്ങൾക്കെല്ലാം പ്രിയപ്പെട്ടവൻ ആയിരിക്കും. എനിക്ക് അങ്ങനെയല്ല. കേവലമായ ഒരു രാഷ്ട്രീയ കൃമി മാത്രം.

സിനിമ കണ്ടിറങ്ങി മണിക്കൂറുകൾ കഴിഞ്ഞിട്ടും ബേസിൽ ജോസഫിന്റെയും അതിലേറെ മികവുറ്റ ഇന്ദ്രൻസിന്റെയും അമ്മ കഥാപാത്രമായി അഭിനയിക്കുന്ന താരത്തിന്റെയും പകർന്നാട്ടം ഒരുനിലക്കും സഹിക്കുന്നില്ല. അല്ലെങ്കിൽ അവർ ഉള്ളിൽ നിന്ന് വിങ്ങിപ്പൊട്ടുകയാണ്. നിർമ്മിത അന്ധവിശ്വാസമായ(Artificial superstition) കോവിഡ് 19 എന്ന ഭരണകൂടങ്ങൾ അവരുടെ കൃത്രിമ ഭീകരതകൾ വേരോടിക്കാൻ നിർമിച്ച ശാസ്ത്രാധിഷ്ഠിത അന്ധവിശ്വാസത്തെ വികാര തീവ്രമായി പോസ്റ്റ്മോർട്ടം ചെയ്യുകയാണ് കഥാകൃത്ത്.

ഇന്ദ്രൻസ്, നിർമൽ പാലാഴി, സുധീഷ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, സ്വാതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന സിനിമ സംവിധാനം ചെയ്ത മുഹ്സിൻ കഥ ഉപയോഗിച്ച് താരങ്ങളെ വിനിയോഗം ചെയ്ത രീതി അത്യപൂർവ്വമാണ്. മനസ്സിൽ നിന്നും മാഞ്ഞുപോകുന്ന കഥാപാത്രങ്ങൾ ഇതിലില്ല. കൃത്യമായ ഗൃഹപാഠം ചെയ്തുകൊണ്ടുതന്നെ കോവിഡ് എന്ന അണ്ഡകടാഹ കാപട്യത്തെ കോഴിക്കോടിന്റെ കൊച്ചു തീരപ്രദേശ സിനിമയിലൂടെ മുറിച്ചു പൊരിച്ചു ചോദ്യംചെയ്യുന്നുണ്ട്.

ജനങ്ങളുടെ മനോവിശ്വാസങ്ങളെ മാസ്മരികമായി ഭരിക്കുന്ന മത സ്വാധീനത്തിനു പകരം ശാസ്ത്രീയമാണ് എന്ന് വിശ്വസിപ്പിച്ച് ചുട്ടെടുത്ത അന്ധവിശ്വാസമായിരുന്നു കോവിഡ് 19. കോടിക്കണക്കിനു ജീവിതങ്ങളെ നിസ്സഹായതയിലേക്ക് എടുത്തെറിഞ്ഞ കോവിഡ് 19 എന്ന ആനവങ്കത്തരത്തിനുശേഷം ലോക ജനതയെ രണ്ട് വിഭാഗം ആയിട്ടാണ് ഞാൻ തരംതിരിക്കുന്നത്. ഒന്ന് കോവിഡ് വിശ്വാസികൾ. അവർക്ക് അതിജീവനശേഷിയില്ല. രണ്ട് കോവിഡ് വിരുദ്ധർ! അവരാണ് ഇനി ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ പോകുന്നത്. ഹർഷദ് എന്ന തിരക്കഥാകൃത്ത് വർഷങ്ങൾക്കു മുമ്പ് തന്നെ വരാനിരിക്കുന്ന ഭരണകൂടങ്ങളുടെ നിർമിത മിത്തുകൾക്കെതിരെ ജാഗ്രത പാലിക്കുന്നതിനു വേണ്ടി Yellow Glass, Peace process, Landiya, ദായോം12 പോലെയുള്ള സിനിമകൾ സൃഷ്ടിച്ച വ്യക്തിയാണ്.

ജാഗ്രതയുടെ വിത്ത് എന്നും ഉള്ളിൽ സൂക്ഷിക്കുന്ന അദ്ദേഹം കോവിഡിന്റെ പേരിലുള്ള കരുതൽ എന്ന വഞ്ചനക്കെതിരെ കൃത്യമായി അമ്പെയ്തു തറപ്പിക്കുന്നുണ്ട്. കഥയിലുള്ള വികാര തീവ്രത അപാരമാണ്, അനന്യമാണ്. കടൽചൊരുക്കു പോലെ അത് നമ്മെ വേട്ടയാടുന്നുണ്ട്. നൈസൽ എന്ന നൈസർഗിക ഹാസ്യ ജീവിതത്തിന്റെ സാമ്രാട്ടിന് തന്റെ ജീവിത വേഷം തന്നെ സിനിമയിൽ കൊടുത്ത് Masking എന്ന ലോകത്തിലെ തട്ടിപ്പിലെ ക്രൂരതയെ ഹാസ്യാത്മകമായി സിനിമ ചോദ്യം ചെയ്യുന്നുണ്ട്. അരക്ഷിതവും നിസ്സംഗവും ആയ അകൽച്ച മനുഷ്യരിൽ സൃഷ്ടിച്ചെടുത്ത് 90% വും ഭീകരതയുടെ കൂടെ നിൽക്കുന്ന, സർക്കാറുകൾ, ഉദ്യോഗസ്ഥന്മാർ, പോലീസ് പോലെയുള്ള മൂല്യമില്ലാത്ത മനുഷ്യവിരുദ്ധതയെ ഇങ്ങനെ ചോദ്യം ചെയ്യുന്ന ഒരു സിനിമ മലയാളത്തിൽ ഇല്ലെങ്കിൽ മലയാളിയുടെ ജീവിതം അപൂർണമാകും എന്ന് ഹർഷാദിനറിയാം.

അതുകൊണ്ടാണ് മുറിഞ്ഞ മുറിവുകളിൽ വീണ്ടും ചുണ്ണാമ്പു പുരട്ടി നീറ്റിക്കുന്ന നിർമ്മിത യുക്തിവിരുദ്ധതയെ വിപ്ലവാത്മകമായ കഥയിലൂടെ തന്നെ ചോദ്യം ചെയ്യുന്നത്… കോറന്റൈൻ, സാമൂഹിക അകലം, കണ്ടൈൻമെന്റ് സോൺ, റൂട്ട് മാപ്പ് എന്നീ ചെറ്റത്തരങ്ങളെ ഓർക്കുന്നുണ്ടോ നിങ്ങൾ? നിങ്ങളുടെ ആർക്കെങ്കിലും കോവിഡ് കാലത്ത് വീട്ടിൽ മരണം ഉണ്ടായിട്ടുണ്ടോ? ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എന്ന അന്ധവിശ്വാസകേന്ദ്രം പടച്ചു വിട്ട നിപ്പ എന്ന ഗവർമെന്റ് സ്പോൺസേർഡ് ഭീകരവാദം ഓർക്കുന്നുണ്ടോ നിങ്ങൾ? അങ്ങോട്ടുമിങ്ങോട്ടും പകരാവുന്ന ഓർമ്മകൾ കാണില്ല, പലർക്കും.

കാരണം കോവിഡിൽ നമ്മളെ ഫോണിന് മുമ്പിലിരുത്തി കൃത്രിമ ഭീകര ശാന്തത വിതച്ച് കോവിഡ്കാല മരണങ്ങളെ അന്ധവിശ്വാസത്തിന്റെ സ്റ്റിക്കറൊട്ടിച്ചായിരുന്നു കുഴിത്തട്ട് കളി കളിച്ചിരുന്നത്. ഭീകരവാദികളായിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അണിഞ്ഞിരുന്ന തീവ്രവാദത്തിന്റെ നീലക്കഫീയ എന്ന PPE കിറ്റ് വരെ അടയാളമായി സിനിമ ഉപയോഗിക്കുന്നുണ്ട്. മലയാള സിനിമയിലെ പിടിച്ചുപറി മേഖലയിൽ നിന്ന്, പഴയകാല പ്രതാപികളിൽ നിന്ന് വളരെ പതുക്കെ ക്രമികവും ചിട്ടയായതുമായ ചുവടുവെപ്പുകളിലൂടെ ആരോഗ്യകരമായ സംവാദങ്ങളിലേക്കും, പകർത്തെഴുത്തുകളിലേക്കും എത്തിച്ച മലബാറിലെ ചെറുപ്പക്കാരുടെ കയ്യിൽ വളരെ സുരക്ഷിതമാണ് ഇന്ന് മലയാള സിനിമയുടെ കഥാലോകം.

ആർദ്രമായ വികാരങ്ങൾക്കും, ശാന്തവും സമാധാനപരവുമായ ചിന്തകൾക്കും, തത്വചിന്താപരമായ അവലോകങ്ങൾക്കും സിനിമയിലും തിരക്കഥകളിലും ഇടമുണ്ട്. എന്നാൽ നമ്മുടെ സിനിമ കുറേക്കാലമായി അതു മറന്നിരിക്കുകയായിരുന്നു. പൂർണ്ണമായി എന്നു പറയുന്നില്ല. ചിലരെങ്കിലും ഉണ്ടായിരുന്നിട്ടുണ്ട്. എന്നാൽ അതിലേക്കുള്ള വലിയൊരു കുതിച്ചോട്ടമാണ് ഈ കഠിന കഠോരമീ അണ്ഡകടാഹം സിനിമയും നൽകുന്ന സന്ദേശം. സിനിമയെക്കുറിച്ച് പറയുമ്പോൾ ഒരിക്കലും മറന്നു പോകാത്ത ചില മുഹൂർത്തങ്ങൾ ബേസിൽ ജോസഫിന്റെ ഉമ്മയായ കഥാപാത്രവും, ഒരിക്കലും സീനിൽ വരാത്ത ശബ്ദംകൊണ്ടുമാത്രം അഭിനയിച്ച മരിച്ചുപോയ അവന്റെ ഉപ്പയും സ്വരം കൊണ്ട് സമ്മേളിക്കുന്ന രംഗങ്ങൾ അതിതീവ്രമാണ്.

ഒപ്പം പ്രിയ സുഹൃത്തിന്റെ മരണത്തോട് താദാത്മ്യപ്പെടാൻ കഴിയാതെ വിങ്ങിപ്പൊട്ടുന്ന ഇന്ദ്രൻസിന്റെ ഓരോ നോട്ടവും വാക്കുകളും ഓർമ്മയിൽ അടയാളപ്പെടുത്തി വെക്കേണ്ടതാണ്. സ്വതസിദ്ധമായ ശൈലിയിൽ ജാഫർ ഇടുക്കിയും നമ്മളെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ട്. എല്ലാ കഥാപാത്രങ്ങളുടെയും സ്പേസ് നമുക്ക് ഓർമ്മയിൽ നിന്ന് പരതിയെടുക്കാൻ കഴിയും വിധം ഉജ്ജ്വലമായ സംവിധാനവും. സുഹൃത്തുക്കൾക്കെല്ലാം ഒരു നല്ല കാഴ്ചക്കായി സജസ്റ്റ് ചെയ്യുന്നു. കാണണം നിങ്ങൾ അന്ധവിശ്വാസിയായിരുന്നോ അല്ലയോ എന്ന് പര്യാലോചിക്കണം.