തിരുവണ്ണാമലയില്‍ 50 കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആത്മീയ ഗുരു അറസ്റ്റില്‍. (The Murder of the Middle Aged; Spiritual Guru Arrested) ശ്രീപെരുമ്പത്തൂര്‍ സമീപത്തെ മലയമ്പാക്കം സ്വദേശിനിയായ അലമേലുവാണ് കൊല്ലപ്പെട്ടത്. അലമേലുവിന്റെ അയല്‍വാസിയും ആത്മീയ ഗുരുവുമായ സ്വാമി ദക്ഷനാണ് പിടിയിലായത്. അലമേലുവിന്റെ മൃതദേഹം തടാകത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.
|
കൊലയ്ക്ക് കാരണമായി സ്വാമി ദാക്ഷന്‍ പറയുന്നത് അതിവിചിത്രമായ കാര്യങ്ങളാണ്. തനിക്കൊപ്പം തിരുവണ്ണാമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ ശിഷ്യകൂടിയായ അലമേലുവിന്റെ ആവശ്യപ്രകാരമാണ് താന്‍ അവരെ കൊലപ്പെടുത്തിയതെന്നാണ് ദാക്ഷന്റെ ന്യായീകരണം. മോക്ഷം ലഭിക്കാന്‍ പുണ്യഭൂമിയായ തിരുവണ്ണാമലയില്‍ വച്ച് കൊലപ്പെടുത്താന്‍ അലമേലു ആവശ്യപ്പെട്ടെന്നും ദക്ഷന്‍ പറഞ്ഞു.
ഭര്‍ത്താവ് മരിക്കുകയും മക്കള്‍ വിവാഹം കഴിച്ചുപോകുകയും ചെയ്തതോടെ വീട്ടില്‍ തനിച്ചു താമസിച്ചിരുന്ന അലമേലു ദക്ഷനുമായി അടുത്തു. പിന്നീട് ഇയാള്‍ക്കൊപ്പം ചേര്‍ന്ന് പൂജകളും പ്രാര്‍ഥനകളും നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസമാണ് ഇരുവരും തിരുവണ്ണാമലയില്‍ തീര്‍ഥാടനത്തിനായി എത്തിയത്. കൊലനടത്തിയശേഷം മൃതദേഹം തടാകക്കരയില്‍ ഉപേക്ഷിച്ച് ദക്ഷന്‍ രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറയുന്നു.
നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അലമേലുവിന് ഒപ്പം ദക്ഷനുണ്ടായിരുന്നത് വ്യക്തമായത്. പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കൊല നടത്തിയകാര്യം സമ്മതിച്ചു. ദക്ഷനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.





