29
Jul 2023
Wed
29 Jul 2023 Wed

NDA- INDIA യോഗങ്ങളില്‍നിന്ന് വിട്ടുനിന്ന എട്ടു പാര്‍ട്ടികള്‍ ഇവയാണ്; ക്ഷണിച്ചിട്ടും ശിരോമണി അകാലിദള്‍ NDA യോഗത്തില്‍ പങ്കെടുത്തില്ല

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന എന്‍ഡിഎ യോഗത്തിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ശിരോമണി അകാലിദള്‍ (എസ്.എ.ഡി) പങ്കെടുത്തില്ല. കൃഷിയിടത്തെച്ചൊല്ലി ബിജെപിയും എസ്എഡിയും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ശിരോമണി അകാലിദള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. അകാലിദളും ബി.ജെ.പിയും ചര്‍ച്ചയിലാണെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ ധാരണ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും കഴിഞ്ഞ മാസങ്ങളില്‍ പാര്‍ട്ടിയും ബിജെപിയും തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും എസ്എഡിയില്‍ നിന്നുള്ള ഒരു വൃത്തം പറഞ്ഞു.

‘അടുത്ത മാസങ്ങളില്‍ ഒരു ഘട്ടത്തിലും ഇരു പാര്‍ട്ടികളും തമ്മില്‍ ഒരു ഇടപെടലും ഉണ്ടായിട്ടില്ല.’ മുന്‍കാലങ്ങളില്‍ ബി.ജെ.പിയുമായും മറ്റ് എന്‍.ഡി.എ നേതൃത്വവുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശിരോമണി അകാലിദളിലെ ഉന്നത നേതാവ് പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തിലേക്ക് പാര്‍ട്ടിയെ ക്ഷണിച്ചിട്ടില്ലെന്നും എസ്എഡി വൃത്തങ്ങള്‍ അറിയിച്ചു.
ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന ദേശീയ ജനാധിപത്യ സഖ്യ (എന്‍ഡിഎ) യോഗത്തില്‍ 38 പാര്‍ട്ടികള്‍ ആണ് പങ്കെടുത്തത്.

അതേസമയം, ഡല്‍ഹിയിലെ എന്‍ഡിഎ യോഗത്തിനൊപ്പം ബെംഗളൂരുവില്‍ നടന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ 26 കക്ഷികള്‍ പങ്കെടുത്തു. എന്‍.ഡി.എ യോഗത്തില്‍ പങ്കെടുത്ത മിക്ക കക്ഷികള്‍ക്കും പാര്‍ലമെന്റില്‍ പ്രാതിനിധ്യം പോലും ഇല്ലെന്നും തീര്‍ത്തും പ്രാദേശികകക്ഷികളാണെന്നുമുള്ള ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഒരേദിവസം നടന്ന ഈ രണ്ട് യോഗത്തിലും പങ്കെടുക്കാത്ത പ്രബല പാര്‍ട്ടികളും ഉണ്ട്. ആ പാര്‍ട്ടികള്‍ ഇവയാണ്.

ജനതാദള്‍ സെകുലര്‍ (ജെ.ഡി.എസ്)
നേരത്തെ കോണ്‍ഗ്രസുമായും ബിജെപിയുമായി സഖ്യം ഉണ്ടാക്കിയവരാണ് ജെ.ഡി.എസ്. പാര്‍ട്ടിയുടെ സ്ഥാപകന്‍ ദേവ ഗൗഡ പ്രധാനമന്ത്രിയും മകന്‍ എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയും ആയിട്ടുണ്ട്. ഇപ്പോഴും കര്‍ണാടകയിലെ മൂന്നാമത്തെ പ്രബലശക്തിയാണ് ജെ.ഡി.എസ്.

ശിരോമണി അകാലിദള്‍ (എസ്.എ.ഡി)
ഏറെക്കാലം കേന്ദ്രത്തിലും പഞ്ചാബിലും ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു. പാര്‍ട്ടിയുടെ പ്രകാശ് സിങ് ബാദല്‍ പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്നിട്ടുണ്ട്. കര്‍ഷകവിഷയത്തില്‍ ബി.ജെ.പിയുമായി ഉടക്കി ഒന്ന് രണ്ട് കൊല്ലം മുമ്പാണ് എന്‍.ഡി.എ വിട്ടത്.

ബിജു ജനതാ ദള്‍ (ബി.ജെ.ഡി)
കാലങ്ങളായി ഒഡീഷ ഭരിക്കുന്ന കക്ഷിയാണ്. രണ്ടുപതിറ്റാണ്ടായി ബി.ജെഡി നേതാവ് നവീന്‍ പട്‌നായിക് ആണ് ഒഡീഷ മുഖ്യമന്ത്രി. നേരത്തെ തന്നെ പ്രതിപക്ഷവുമായും ഭരണപക്ഷവുമായും സമദൂര സിദ്ധാന്തം അനുവര്‍ത്തിച്ചുവരുന്നു.

ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്)
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്) ഈയടുത്താണ് ദേശീയ മോഹങ്ങളോടെ അവരുടെ പാര്‍ട്ടിയുടെ പേര് ബി.ആര്‍.എസ് എന്നാക്കി മാറ്റിയത്. നേരത്തെ കേന്ദ്രത്തില്‍നിന്ന് ബി.ജെ.പിയെ അകറ്റാനായി പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മയ്ക്ക് മുന്നില്‍ നിന്നുവെങ്കിലും ഈയടുത്തായി ബിജെപിയെയും കോണ്‍ഗ്രസിനെയും ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ് ചന്ദ്രശേഖര്‍ റാവു. തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസുമായുള്ള വൈരം കൂടിയിട്ടുണ്ട്.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ്
ആന്ധ്രപ്രദേശിലെ ഭരണകക്ഷിയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍നിന്ന് വേര്‍പ്പെട്ടുപോയ വൈ.എസ് രാജശേഖര റെഡ്ഡിയാണ് പാര്‍ട്ടിയുടെ സ്ഥാപകന്‍. റെഡ്ഡിയുടെ മകന്‍ ജഗന്‍മോഹന്‍ ആണ് നിലവിലെ പാര്‍ട്ടി നേതാവും ആന്ധ്ര മുഖ്യമന്ത്രിയും. ഈ പാര്‍ട്ടിയും സമദൂരസിദ്ധാന്തത്തിന്റെ വക്താക്കളാണെങ്കിലും പലപ്പോഴും പാര്‍ലമെന്റില്‍ ബിജെപിക്ക് അനുകൂലമായി നിലകൊണ്ടിട്ടുമുണ്ട്.

ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി)
എന്‍.ഡി.എക്കൊപ്പം മുമ്പുണ്ടായിരുന്ന കക്ഷിയാണ് ലോക്ദള്‍. യുപിയിലെ ചില ഭാഗങ്ങളിലും ഹരിയാനയിലും ഗണ്യമായ സ്വാധീനമുണ്ട്. എട്ട് പത്ത് ലോക്‌സഭാ മണ്ഡലങ്ങളിലെങ്കിലും വിജയപരാജയങ്ങളെ സ്വാധീനിക്കാനാകും. ബിജെപിക്കും കോണ്‍ഗ്രസിനും എതിരേ മൂന്നാംമുന്നണി വേണമെന്നാണ് നിലപാട്.

മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍
അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ക്കുന്ന കക്ഷിയാണ്. നിലവില്‍ തെലങ്കാനക്ക് പുറത്തും പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ടെങ്കിലും ഉവൈസി മാത്രമാണ് പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ പ്രതിനിധിയായിട്ടുള്ളത്. കോണ്‍ഗ്രസിനോട് അകലം പാലിക്കുന്നുണ്ടെങ്കിലും പാര്‍ലമെന്റില്‍ ഭരണകക്ഷിക്ക് അനുകൂലമായി നിലകൊണ്ടിട്ടില്ല. നിര്‍ണായകസമയത്ത് തങ്ങള്‍ക്കൊപ്പം നിലനില്‍ക്കുമെന്ന് പ്രതിപക്ഷത്തിന് പ്രതീക്ഷയുണ്ട്.

എ.ഐ.യു.ഡി.എഫ്
അസമില്‍ നേരത്തെ മുഖ്യപ്രതിപക്ഷകക്ഷിയായിരുന്ന പാര്‍ട്ടിയാണ് അത്തര്‍ വ്യാപാരിയായ ബദറുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫ്. പ്രാദേശികതലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാറുണ്ടെങ്കിലും ഇത്തവണ അവര്‍ ബംഗളൂരുവിലെത്തിയില്ല. അസമിലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സഖ്യംചേര്‍ന്നാണ് എ.ഐ.യു.ഡി.എഫും കോണ്‍ഗ്രസും മത്സരിച്ചത്.