17
Apr 2023
Fri
17 Apr 2023 Fri

നെയ്റോബി: മതപ്രഭാഷകന്റെ ആഹ്വാനംകേട്ട് ക്രിസ്തുവിനെ കാണാൻ പട്ടിണി കിടന്ന് മരിച്ചത് നൂറോളം പേർ. ആഫ്രിക്കൻ രാജ്യമായ കെനിയയിലാണ് സംഭവം. സ്വർഗത്തിലെത്തി യേശു ക്രിസ്തുവിനെ കാണാനായി വനത്തിൽ പട്ടിണി കിടന്നാണ് ഇവർ മരിച്ചത്. തീരനഗരമായ മലിൻഡിയിലെ ഷക്കഹോല വനത്തിൽ നിന്നാണ് സ്ത്രീകളുടെതും കുട്ടികളുടേതും അടക്കം ഇത്രയും മൃതദേഹങ്ങൾ കണ്ടെടുത്തത്. മതപ്രഭാഷകൻ പോൾ മക്കെൻസി എൻതെംഗെയുടെ ആഹ്വാനപ്രകാരം ദിവസങ്ങളോളം പട്ടിണി കിടന്നവരാണ് ദാരുണാന്ത്യം വരിച്ചത്. പാസ്റ്ററെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വർഗത്തിലെത്താനായി മരണം കാത്തുകിടന്ന 34 പേരെ പൊലിസ് രക്ഷപ്പെടുത്തി. പാസ്റ്ററുടെ അനുയായികളായ 314 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പറയുന്നത്. മക്കെൻസിയുടെ അടുത്ത അനുയായികളടക്കം ആറു പേർ പൊലിസ് കസ്റ്റഡിയിലാണ്.

മലിൻഡിയിൽ കൂട്ടക്കുഴിമാടങ്ങളിലായിരുന്നു മൃതദേഹങ്ങൾ. ഇവ ആഴം കുറഞ്ഞ കുഴിയിൽ മൂടിയ നിലയിലാണ് കണ്ടെത്തിയത്. ഇതിൽ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ കുഴിമാടം ഉൾപ്പെടെയുണ്ടായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. വനമേഖലയിൽ ദിവസങ്ങളായി പട്ടിണികിടക്കുന്നവരെ കണ്ടെത്താനും കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോയെന്നറിയാനും തെരച്ചിൽ തുടരുകയാണ്. മലിൻഡി നഗരത്തോട് ചേർന്ന 800 ഏക്കർ വനമേഖലയിലാണ് പരിശോധന. പ്രദേശത്ത് പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പട്ടിണികിടന്നു മരിച്ചാൽ മോക്ഷം പ്രാപിക്കുമെന്നും സ്വർഗത്തിൽ പോകാമെന്നും യേശുക്രിസ്തുവിനെ കാണാനാകുമെന്നും വിശ്വസിപ്പിച്ചാണ് പാസ്റ്റർ അനുയായികളെ കൊടുംവനത്തിലേക്ക് ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് പറഞ്ഞയച്ചത്. ഗുഡ് ന്യൂസ് ഇന്റർനാഷനൽ ചർച്ച് എന്ന പേരിൽ കൂട്ടായ്മയുണ്ടാക്കി പ്രവർത്തിക്കുന്ന പാസ്റ്റർക്ക് നിരവധി അനുയായികളുണ്ട്. 2019ലും ഇക്കഴിഞ്ഞ മാർച്ചിലും കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഇയാൾ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയാണ് ഇപ്പോഴത്തെ പ്രവർത്തനം. പുരോഹിതനടക്കമുള്ളവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കെനിയൻ ആഭ്യന്തര മന്ത്രി കിത്തുരെ പറഞ്ഞു.
ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന് ചുറ്റുമുള്ള 325 ഹെക്ടർ വിസ്തൃതിയുള്ള വനപ്രദേശത്താണ് മൃതദേഹങ്ങൾ ആദ്യം കണ്ടെത്തിയത്.