29
Apr 2023
Sun
29 Apr 2023 Sun

കൊച്ചി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് മുസ്ലിം സമുദായയത്തിലെ തീവ്രവാദികളെ ഭയമാണെന്നും ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലിംയുവാക്കൾ വശീകരിച്ച് മതംമാറ്റുന്നത് ഒരു നഗ്നമായ സത്യമാണെന്നും സിറോ മലബാർ സഭാ മേധാവി കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതംമാറ്റുന്നതാണ് ഇസ്ലാമോഫോബിയ വർധിക്കാനുള്ള ഒരു കാരണം. അത് നഗ്‌നസത്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു മാർ ജോർജ് ആലഞ്ചേരിയുടെ പ്രതികരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്ലാമോഫോബിയയെക്കുറിച്ച് സമൂഹത്തിന്റെ മുഴുവൻ അഭിപ്രായം എനിക്ക് പറയാനാവില്ല. കാരണം ഇതിൽ അഭിപ്രായഭിന്നതകളുണ്ട്. നമ്മളെ വിഷമിപ്പിക്കുന്ന തരത്തിലുള്ള പല കാര്യങ്ങളുമുണ്ടായി. ഉദാഹരണത്തിന് പെൺകുട്ടികളെ വശീകരിച്ച് കൊണ്ടുപോകുന്നകാര്യം. അത് നഗ്‌ന സത്യമാണ്. അംഗീകരിക്കാനാവാത്ത രീതിയിൽ പെൺകുട്ടികളെ മതംമാറ്റി അവരെ മറ്റുപലതിനും ഉപയോഗിക്കുന്ന രീതിയുണ്ട്. ഇസ്ലാം മതത്തിന്റെ പൊതുവായ പോളിസിയൊന്നും അല്ല, എന്നാൽ ആ മതത്തിന്റെ ആഭിമുഖ്യത്തിൽ പലരും ഇത് ചെയ്യുന്നുണ്ട്. അത് സത്യമാണ്.- ജോർജ് ആലഞ്ചേരി പറഞ്ഞു. കൂടാതെ ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങൾ മുസ്ലീങ്ങൾ അട്ടിമറിക്കുകയാണെന്നും മന്ത്രിസഭകളിലെ സ്ഥാനം ഉപയോഗിച്ച് മുസ്ലീങ്ങളുടെ മാത്രം നേട്ടങ്ങൾക്കായി പ്രവർത്തിക്കുകയാണെന്നും പറഞ്ഞു.

ലൗ ജിഹാദ് നിലനിൽക്കുന്നുണ്ട് എന്നാണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന് ആ വാക്ക് ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് വളരെ സെൻസിറ്റാവായ വാക്കാണെന്നും മറ്റുള്ളവരെ പ്രകോപിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ സജീവമാകാത്തത് സമൂഹങ്ങളെ കൂടുതൽ ഭിന്നിപ്പിക്കും എന്നതുകൊണ്ടാണ്. സമുദായ സൗഹാർദം കേരളത്തിന്റെ മുഖമുദ്രയാണ്. അത് ഇന്ത്യയിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചയ്ക്ക് തയാറാണെന്ന സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങളുടെ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോൾ, ചർച്ചനടത്തുന്നതിനോട് യോജിപ്പാണെന്നും എന്നാൽ സമുദായത്തിലെ തീവ്രവാദികളെ അവർ ഭയക്കുമ്പോൾ ചർച്ച കൊണ്ട് എന്ത് ഗുണമാണുള്ളതെന്നും ആലഞ്ചേരി തിരിച്ചുചോദിച്ചു.

ഇന്ത്യയിൽ ബിജെപി ഭരണത്തിന് കീഴിൽ ക്രൈസ്തവർ യാതൊരുവിധത്തിലുള്ള അരക്ഷിതാവസ്ഥയും നേരിടുന്നില്ലെന്നും ആലഞ്ചേരി പറഞ്ഞു. ബിജെപി അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങൾക്ക് പ്രശ്‌നമാണെന്ന് ചിലർ പറയുന്നു. അതെന്തുകൊണ്ടാണെന്ന് അറിയില്ല. ഇന്ത്യ ഹിന്ദുരാഷ്ട്രമായാൽ മുസ്ലികളെ ഇല്ലാതാക്കുമെന്ന് അവർ കരുതുന്നുണ്ടാവാം. മുസ്ലിം ഭൂരിപക്ഷമുളള രാജ്യങ്ങളിൽ മറ്റ് സമുദായങ്ങളെ അടിച്ചമർത്തുന്നത്കൊണ്ടാണ് അവർ അങ്ങിനെ ചിന്തിക്കാൻ കാരണമെന്നും ആലഞ്ചേരി പറഞ്ഞു.

ജനപിന്തുണ ലഭിക്കുന്ന തരത്തിലുളള കാര്യങ്ങളാണ് ബിജെപി സർക്കാർ ചെയ്യുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും പകരമായി ബിജെപിയോട് താത്പര്യം കാണിക്കുന്നത് സ്വാഭാവികമാണ്. ക്രിസ്ത്യൻ സമുദായത്തിന് മാത്രമല്ല എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾക്കും കോൺഗ്രസിനോട് നേരത്തെ ആഭിമുഖ്യം ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം ഇല്ലാതായി. കോൺഗ്രസുമായുള്ള ക്രൈസ്തവരുടെ ബന്ധം വഷളായത് അവർ സ്വീകരിച്ച തെറ്റായ നയങ്ങൾ കൊണ്ടാണ്. ഒരു വിഭാഗം ഇടതുപക്ഷത്തോട് അടുത്തു. മറ്റൊരു പോംവഴി അതായിരുന്നു. എന്നാൽ ഇടതുപക്ഷ പാർട്ടികളും ചില സന്ദർഭങ്ങളിൽ അവരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. അതിനാൽ, ആളുകൾ മറ്റ് വഴികൾ തേടുന്നത് സ്വാഭാവികമാണ്. അത്തരത്തിൽ ബിജെപിയെ ഒരു ഓപ്ഷനായി ചിന്തിക്കുന്നുണ്ടാകാം. കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും സാധ്യതയുണ്ട്. ജനങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിൽ ബിജെപി വിജയിച്ചിട്ടുമുണ്ടെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു.

വ്യക്തിയെന്ന നിലയിൽ മോദി ഒരു നല്ല നേതാവ് ആണ്. അത് വളർത്തിയെടുക്കാൻ മോദി പരിശ്രമിക്കുകയും അയാൾ അതിൽ വിജയിക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിൽ അദ്ദേഹം അത് വളർത്തിയെടുത്തു. അദ്ദേഹം ആരുമായും ഏറ്റുമുട്ടലുകൾക്ക് പോകാറില്ല. നേതൃത്വപരമായി പ്രാഗൽഭ്യം വളർത്തിയെടുത്തുകൊണ്ടാണ് വളരാൻ ശ്രമിക്കുന്നത്. അതിനാൽ ജനങ്ങൾക്ക് സർക്കാരിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. മറ്റ് ചില കുറവുകൾ ജനങ്ങൾ മറക്കുകയും ചെയ്യും. അത് സ്വഭാവികമാണ്- ജോർജ് ആലഞ്ചേരി പറഞ്ഞു.

സിറോ മലബാർ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്ന ആലഞ്ചേരിയുടെ ആവശ്യം കഴിഞ്ഞമാസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അഭിമുഖം പുറത്തുവരുന്നത്.