03
Jul 2023
Tue
03 Jul 2023 Tue

പി വി ശ്രീനിജൻ എംഎംൽഎയുടെ പരാതിയിൽ അറസ്റ്റ് വാറന്റ് നേരിടുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ പിടികൂടാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായി പൊലീസ് മറുനാടൻ മലയാളി ജീവനക്കാരുടെ വീടുകളിൽ നടത്തിയ റെയ്ഡിനെതിരേ രം​ഗത്തെത്തിയ മാധ്യമപ്രവർത്തകരുടെ യൂനിയനായ കെയുഡബ്ല്യുജെക്ക് മറുപടിയുമായി പി വി അൻവർ എംഎൽഎ. നൂറുകണക്കിന് ജീവനുകൾ തകർത്ത ഷാജൻ സ്കറിയയുടെ ജീവനക്കാരെന്ന് അവകാശപ്പെടുന്ന ഒരുപറ്റം ക്രിമിനലുകളോടാണ് ഷാജനെ പിടികൂടാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായി പൊലീസ് കാര്യങ്ങൾ അന്വേഷിച്ചതെന്നും അതിൽ അസ്വാഭാവികതയില്ലെന്നും കെയുഡബ്ല്യുജെ പ്രവർത്തകരോട് പി വി അൻവർ എംഎൽഎ പറയുന്നു. ഫേസ്ബുക്കിലാണ് എംഎൽഎയുടെ കുറിപ്പ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള പത്രപ്രവർത്തക യൂനിയൻ പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും മംഗളം ദിനപത്രം ലേഖകനുമായ ജി വിശാഖന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും മൊബൈൽ ഫോൺ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മറ്റൊരു പേരിൽ വിശാഖൻ മറുനാടന് വാർത്തകൾ നൽകിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തുവെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് കെയുഡബ്ല്യുജെയുടെ പ്രതികരണമുണ്ടായത്.ഷാജൻ സ്കറിയയുടെ വ്യാജവാർത്തകൾ മൂലം ബുദ്ധിമുട്ടുകൾ നേരിട്ടവരെ ഏകോപിപ്പിച്ച് നിയമപോരാട്ടത്തിന് നേതൃത്വം നൽകുന്നയാൾ കൂടിയാണ് പി വി അൻവർ എംഎൽഎ. അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റ് ചുവടെ

പ്രിയപ്പെട്ട KUWJ പ്രവർത്തകരേ..
വ്യാജവാർത്ത,മതസ്പർദ്ധ വളർത്തൽ,ബ്ലാക്ക്‌ മെയിലിംഗ്‌..ഇതിനൊക്കെ എതിരെയാണ് ഞങ്ങൾ പോരാടുന്നത്‌.അതും നിയമപരമായ വഴികളിൽ കൂടി മാത്രമാണ് മുന്നോട്ട്‌ പോകുന്നത്‌. ദില്ലിയിൽ കുറച്ച്‌ നാളുകൾക്ക്‌ മുൻപ്‌ രണ്ട്‌ മലയാളികൾ ആത്മഹത്യ ചെയ്തിരുന്നു.പി.എച്ച്‌.ഡി സ്കോളറായിരുന്ന അലൻ സ്റ്റാൻലിയും,അലന്റെ അമ്മയും.മറുനാടൻ മലയാളി എന്ന മഞ്ഞപത്രം അവരുടെ പേരിൽ ഫോട്ടോ ഉൾപ്പെടെ വ്യാജവാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നു അവർ അപമാനിതരായി ജീവനൊടുക്കിയത്‌.വ്യൂവർഷിപ്പ്‌ കിട്ടാനുള്ള വ്യഗ്രതയ്ക്കിടയിൽ,ഒരു എത്തിക്ക്സും പാലിക്കാതെ നൂറുകണക്കിനാളുകളുടെ ജീവിതം ഷാജൻ സ്കറിയയും അയാളുടെ സ്ഥാപനവും ചേർന്ന് തകർത്തിട്ടുണ്ട്‌. അതിലൊക്കെ പങ്കാളികളായത്‌ അയാളുടെ ജീവനക്കാരെന്ന് അവകാശപ്പെടുന്ന ഒരു പറ്റം ക്രിമിനലുകളാണ്. ഷാജനെ അന്വേഷിക്കുന്നതിന്റെ ഭാഗമായി അവരോടും പോലീസ്‌ കാര്യങ്ങൾ അന്വേഷിച്ചെന്ന് വരാം. അതിൽ അസ്വഭാവികതയൊന്നുമില്ല.

ഷാജനും,മറുനാടൻ മലയാളിയും,അയാളുടെ ജീവനക്കാരും ചേർന്ന് തകർത്ത നിരവധി ജീവിതങ്ങളുണ്ട്‌.അവർക്കും ആത്മാഭിമാനമെന്നൊന്നുണ്ട്‌. അത്‌ മാധ്യമപ്രവർത്തകർക്ക്‌ എത്രയുണ്ടോ,അത്രയും തന്നെ ഷാജന്റെ ഇരകൾക്കുമുണ്ട്‌.വ്യാജവാർത്ത,മതസ്പർദ്ധ വളർത്തുന്ന കുത്തിത്തിരിപ്പുകൾ,ബ്ലാക്ക്‌ മെയിലിംഗ്‌ എന്നിവ ഒഴിവാക്കി മാന്യമായി മാധ്യമപ്രവർത്തനം നടത്തുന്നവർക്ക്‌ ഈ നാട്ടിൽ ആരേയും ഭയക്കേണ്ടതില്ല. അതിനൊക്കെ നിൽക്കുന്നവർ ഭയക്കണം.ജനവികാരം അവർക്കെതിരാണ്.അത്‌ നിങ്ങളിൽ ആരും പിന്തുടരുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. അഥവാ,അങ്ങനെ ഉള്ളവരുണ്ടെങ്കിൽ,അവർ നിയമത്തിന് അതീതരുമല്ല.

ഏതെങ്കിലും പ്രമുഖ മാധ്യമങ്ങളിൽ ജോലി ചെയ്ത്‌ കൊണ്ട്‌ തന്നെ, വ്യാജ പേരുകളിൽ നക്കാപ്പിച്ച കാശ്‌ വാങ്ങി,മറുനാടൻ മലയാളിക്ക്‌ വ്യാജവാർത്ത എഴുതി കൊടുത്ത്‌ ഷാജൻ സ്കറിയയുടെ ക്രിമിനൽ ജേർണ്ണലിസത്തിന്റെ പങ്ക്‌ പറ്റുന്ന ചിലരെങ്കിലും നിങ്ങളുടെ കൂടെയുണ്ട്‌. കൂടുതൽ വിശദീകരിക്കുന്നില്ല. ഏതൊക്കെ ജില്ലകളിൽ, ആരൊക്കെ ഈ പണി ചെയ്യുന്നുണ്ടെന്നും, എത്ര കൂലി ഷാജന്റെ കൈയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ടെന്നും കൃത്യമായി അറിയാം. അതൊക്കെ പുറത്ത്‌ പറഞ്ഞാൽ, പലരും, പല മാധ്യമങ്ങളും പൊതുജനമധ്യത്തിൽ നാണം കെടും.

അത്‌ കൊണ്ട്‌, ദയവായി അത്‌ പറയിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാകരുത്‌. ഇപ്പോൾ ഇത്‌ പറയാനുണ്ടായ കാരണവും നിങ്ങൾക്കറിയാം.
ഞങ്ങളുടെ കുരിശുയുദ്ധം ആദ്യം പറഞ്ഞ ആളുകളുമായാണ്. നിങ്ങൾ മാന്യമായും സത്യസന്ധമായും നിങ്ങളുടെ പണിയെടുക്കുക. അങ്ങനെ ചെയ്യാത്ത നിങ്ങളുടെ കൂട്ടത്തിലുള്ളവരെ നിങ്ങൾ തന്നെ ഒറ്റപ്പെടുത്തുക.ഇതിനപ്പുറം ഒന്നും പറയാനില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക