30
May 2023
Sat
30 May 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ബെംഗളൂരു: ചരിത്രത്തിലെ മികച്ച വിജയങ്ങളില്‍ ഒന്ന് നേടികൊണ്ടാണ് കോണ്‍ഗ്രസ് ഇന്ന് കര്‍ണാടക തിരിച്ചുപിടിച്ചത്. ബിജെപിയുടെ ഭരണ പരാജയത്തിന് പുറമെ കോണ്‍ഗ്രസിന്റെ വിജയത്തിന് നിര്‍ണ്ണായകമായത് സംസ്ഥാനത്തെ രണ്ട് പൗര സംഘടനകളാണ്. ബഹുത്വ കര്‍ണാടക, എദ്ദെലു കര്‍ണാടക(വേയ്ക്ക് അപ്പ് കര്‍ണാടക) എന്നീ സംഘടനകളുടെ അര്‍പ്പണബോധവും പ്രതിബദ്ധതയുമുള്ള പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസിന് തുണയാവുകയായിരുന്നു. സംഘടനയിലെ യുവാക്കളുടെ ക്യാപയിനുകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി. കോണ്‍ഗ്രസുമായി ഈ രണ്ട് ക്യാപയിനുകളുടെ സംഘാടകര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. ഇവര്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ബിജെപിയുടെ ഭരണ പരാജയം ജനങ്ങളിലേക്കെത്തുന്നതില്‍ അവര്‍ നിര്‍ണായക സ്വാധീനമായി.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇവരുടെ പ്രധാന ക്യാംപയിന്‍. സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളിലായി 75ഓളം സമ്മേളനങ്ങളാണ് ഈ രണ്ട് സംഘടനകളും നടത്തിയത്. 80 ഓളം വീഡിയോകളാണ് ഇവര്‍ ഇതിനായി പുറത്തിറക്കിയത്. ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഈ യുവസംഘടനകള്‍ ആവശ്യപ്പെട്ടില്ല. വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുകയായിരുന്നു പ്രധാന പരിപാടി. വോട്ട് ചെയ്യാത്ത യഥാസ്ഥിതിക മുസ് ലിങ്ങളെയും മറ്റ് മത ന്യൂനപക്ഷങ്ങളെയും ബോധവാന്‍മാരാക്കി. 1957 ശേഷം ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്ത തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. ഇത് തന്നെ ഈ സംഘടനകളുടെ പ്രവര്‍ത്തനത്തിന്റെ മിടുക്ക് കാണിക്കുന്നു.

ജെഡിഎസ്, എസ്ഡിപിഐ എന്നീ പാര്‍ട്ടികളുടെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചില്ലെങ്കിലും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കുറയ്ക്കുമെന്നുള്ള മണ്ഡലങ്ങള്‍ കണ്ടുപിടിച്ച് ഇത് ആ പാര്‍ട്ടികളെ അറിയിച്ചു കൊണ്ടായിരുന്നു ഇവരുടെ മറ്റൊരു പ്രവര്‍ത്തനം. ഇതും വിജയം കണ്ടു. 5, 000 സന്നദ്ധ പ്രവര്‍ത്തകരടങ്ങിയ ഗ്രൂപ്പുകളാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തിച്ചത്. ബിജെപിയുടെ ഐ ടി സെല്ലിന്റെ സംഘടിത പ്രവര്‍ത്തനത്തോട് ഏറ്റുമുട്ടാന്‍ പാകത്തിലുള്ള ഒരു ഗ്രൂപ്പായാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. മൂന്ന ലക്ഷത്തോളം പേരിലേക്ക് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് എത്തിയിരുന്നു. എല്ലാ മേഖലകളിലും ബിജെപി നടത്തിയ ഭരണ പരാജയങ്ങളാണ് പ്രവര്‍ത്തകര്‍ തുറന്ന് കാട്ടിയത്. ഇവരുടെ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തിന്റെ വിധി നിര്‍ണ്ണയിച്ചതിലെ ഒരു പ്രധാന ഘടകം.