Thiruvalla Spa Sexual Assault ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പായിലെത്തിയ ആറംഗ സംഘം ജീവനക്കാരിയെ ബലാല്‍സംഗം ചെയ്ത കേസ് അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി. കുറ്റപ്പുഴ പാപ്പാനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോയാണ് (29) തിരുവല്ല എസ്‌ഐ ഉണ്ണിക്കൃഷ്ണന്‍, സിപിഒ അഭിലാഷ് എന്നിവര്‍ക്ക് നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ടത്. ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി തിരുവല്ല മുപ്പിരിയില്‍ ബെര്‍ലിന്‍ ദാസിനെയും (38) അറസ്റ്റ് ചെയ്തു. നാലു പേര്‍ ഒളിവിലാണ്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു കേസില്‍ അന്വേഷണം നടക്കുന്നത്.
|
തിരുവല്ല മഞ്ഞാടിയില്‍ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയോടെയാണ് സംഭവം നടന്നത്. കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം സ്പായിലെത്തി 50,000 രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ തൃശൂര്‍ സ്വദേശിയായ ഉടമ പതിനായിരം രൂപ നല്‍കാമെന്ന് അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാതിരുന്ന പ്രതികള്‍, റിസപ്ഷനിലുണ്ടായിരുന്ന രണ്ട് യുവതികളില്‍ ഒരാളെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഭീഷണിക്ക് ശേഷം ഒരു ജീവനക്കാരിയെ ആദ്യം രണ്ടു പേര്‍ ചേര്‍ന്നു ബലമായി ഉപദ്രവിച്ചു. പിന്നീട് വലിച്ചിഴച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോയി കഴുത്തില്‍ കത്തി വച്ച ശേഷം പീഡിപ്പിച്ചെന്നാണ് എഫ്െഎആറില്‍ പറയുന്നത്. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. പിന്നീട് സ്പായിലെത്തിയ ഒരാളെയും ജീവനക്കാരിയെയും ഒപ്പം നിര്‍ത്തി സംഘം ദൃശ്യങ്ങള്‍ പകര്‍ത്തി.
വേറൊരു ജീവനക്കാരിയുടെ കൈയിലുണ്ടായിരുന്ന 2500 രൂപയും കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. പിറ്റേന്നാണ് പൊലീസ് വിവരമറിയുന്നത്. പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് തുടക്കത്തില്‍ പരാതി നല്‍കാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് 3ാം തീയതി പൊലീസ് കേസെടുത്തു. തുടര്‍ന്ന് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു.
രണ്ടു പ്രതികളും നിലവില്‍ റിമാന്‍ഡിലാണ്. കേസിലെ ഒന്നാം പ്രതിയായ സുബിന്‍ കൊലപാതക ശ്രമമടക്കം 11 കേസുകളില്‍ പ്രതിയും, റൗഡി ലിസ്റ്റിലും, കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന ആളുമാണ്. ഈയടുത്താണ് ജാമ്യത്തിലിറങ്ങിയത്. ബെര്‍ലിന്‍ ദേഹോപദ്രവക്കേസില്‍ പ്രതിയാണ്.
സംഭവത്തില്‍ പിന്നില്‍ ക്വട്ടേഷന്‍
തിരുവല്ലയിലെ സ്പായില്‍ ജീവനക്കാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തിനു പിന്നില്‍ ക്വട്ടേഷനെന്ന് സ്പാ ഉടമ ഡോ. സഞ്ജയ്. ക്വട്ടേഷന്‍ നല്‍കിയത് മറ്റൊരു സ്പാ ഉടമയാണ്. തന്റെ ബിസിനസ് തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ഗുണ്ടാപിരിവ് പൊലീസിന്റെ കഥയാണ്. പൊലീസ് ഗുണ്ട അവിശുദ്ധ കൂട്ടുകെട്ടുണ്ട്. പൊലീസ് തന്റെ മൊഴിയെടുത്തിട്ടില്ല. പൊലീസില്‍ പ്രത്യേക പരാതി നല്‍കുമെന്നും സഞ്ജയ് പറഞ്ഞു.
അതേസമയം, ബലാത്സംഗ കേസില്‍ പൊലീസില്‍ ആഭ്യന്തര അന്വേഷണം തുടങ്ങിയെന്നാണ് വിവരം. പൊലീസ് – ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഉന്നത നിര്‍ദേശപ്രകാരമാണ് അന്വേഷണം. സ്പാകളില്‍ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാര്‍ തിരുവല്ല സ്റ്റേഷനില്‍ ഉണ്ടെന്നാണ് സംശയം. പൊലീസുകാരില്‍ ചിലര്‍ സ്പാകളില്‍ നിത്യസന്ദര്‍ശകരാണെന്നും വിവരമുണ്ട്.
കേസിലെ പ്രതിയായ ‘മരണ സുബിന്‍’ എന്ന സുബിന്‍ അലക്‌സാണ്ടര്‍ക്കെതിരെ വീണ്ടും കാപ്പ ചുമത്താന്‍ പൊലീസ് നീക്കം. കാപ്പാ നിയമ പ്രകാരം ആറുമാസത്തെ കരുതല്‍ തടങ്കലിനുശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാള്‍ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങള്‍ തുടരുന്നതിനാലാണ് വീണ്ടും കടുത്ത നടപടിക്ക് ആലോചിക്കുന്നത്. ബലാല്‍സംഗം അന്വേഷിക്കാന്‍ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.


