|
രാജ്യത്തുടനീളമുള്ള ഹൈക്കോടതികളിൽ കേസുകൾ വൻ തോതിൽ കെട്ടിക്കിടക്കുന്നതിനിടെ ഒഡീഷ ഹൈക്കോടതിയിലെ ഒരു മുതിർന്ന ജഡ്ജി ഒറ്റ ദിവസം കൊണ്ട് പുറപ്പെടുവിച്ചത് 32 വിധിന്യായങ്ങൾ.
ജസ്റ്റിസ് ദേബബ്രത ദാഷാണ് തിങ്കളാഴ്ച 32 കേസുകളിൽ വിധി പ്രസ്താവിച്ചത്. അവയിൽ 31എണ്ണവും സംസ്ഥാനത്തെ സിവിൽ കോടതികളുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന അപ്പീലുകളാണ്. അവയിൽ പലതും 1988ലും 1990ലും ഉള്ളവയാണ്.
1999ൽ പ്രഹല്ലാദ് അഘ്രിയ എന്ന വ്യക്തിയും മറ്റുള്ളവരും സർക്കാർ ഭൂമി കൈയേറിയതിനെതിരെ ഒഡീഷ ഹൈക്കോടതിയെ സമീപിച്ച കലഹണ്ടി ജില്ലാ കലക്ടറുടെ അപ്പീൽ ശരിവച്ചതാണ് ഇതിലൊന്ന്.
ഒറ്റ ദിവസം കൊണ്ട് 32 വിധിന്യായങ്ങൾ പാസാക്കിയത് മാതൃകയാക്കേണ്ടതുണ്ടെന്നും ഇത് കെട്ടിക്കിടക്കുന്ന കേസുകൾ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുമെന്നും ഹൈക്കോടതിയിലെ അഡീഷണൽ സ്റ്റാൻഡിങ് കൗൺസൽ സമരേഷ് ജെന പറഞ്ഞു.
സെപ്തംബർ 23 വരെ ഹൈക്കോടതിയിൽ കുറഞ്ഞത് 1.72 ലക്ഷം കേസുകളെങ്കിലും കെട്ടിക്കിടക്കുന്നുണ്ട്. അതിൽ 67,000ലധികവും സിവിൽ റിട്ട് ഹരജികളാണ്. ഏകദേശം 20,000 ക്രിമിനൽ അപ്പീൽ കേസുകളാണ് തീർപ്പാക്കാതെ കിടക്കുന്നത്. കോടതികൾ ഇവ വേഗത്തിൽ പരിഹരിക്കേണ്ടതുണ്ട്- ജെന പറഞ്ഞു.
ഈ വർഷം ജൂണിൽ, സംസ്ഥാനത്തെ ജുഡീഷ്യറിയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ ഹൈക്കോടതിയായി ഒറീസ ഹൈക്കോടതി മാറിയിരുന്നു.
ജനസംഖ്യാ അനുപാത (ഒരു ദശലക്ഷം പേർക്ക് ആവശ്യമായ ജഡ്ജിമാരുടെ എണ്ണം) ത്തിലെ പ്രശ്നമാണ് കേസുകൾ വൻതോതിൽ കെട്ടിക്കിടക്കുന്നതിനുള്ള പ്രധാന കാരണമെന്ന് 2021ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
ദേശീയ ശരാശരിയായ 21.03 മായി താരതമ്യം ചെയ്യുമ്പോൾ ഒഡീഷയിലെ ജഡ്ജി- ജനസംഖ്യ അനുപാതം 20.52 ആണ്. ഹൈക്കോടതിയിലെ ജഡ്ജിമാരുടെ അംഗീകൃത അംഗബലം 33 ആണെങ്കിലും നിലവിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 21 മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ 25 ഹൈക്കോടതികളിലായി 59.5 ലക്ഷം കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നും കീഴ്ക്കോടതികളിൽ അത് 4.13 കോടിയാണെന്നും ഈ വർഷം ആഗസ്റ്റിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു രാജ്യസഭയിൽ പറഞ്ഞിരുന്നു. സുപ്രീംകോടതിയിൽ 71,000 കേസുകളാണ് കെട്ടിക്കിടക്കുന്നത്.



