21
Aug 2025
Wed
21 Aug 2025 Wed
aboobacker

ആലപ്പുഴ: തോട്ടപ്പള്ളിയില്‍ ഹംലത്ത് എന്ന 60 കാരിയുടെ കൊലപാതകത്തില്‍ പൊലീസ് കള്ളക്കേസില്‍ കുടുക്കിയ അബൂബക്കറിന് ജാമ്യം. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബൂബക്കറിനെതിരായ കൊലക്കുറ്റം ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേസില്‍ പൊലീസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. അബൂബക്കര്‍ മാത്രമാണ് കൊലയാളിയെന്നാണ് പോലീസ് ആദ്യം തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. അബൂബക്കര്‍ ക്രൂരമായ കുറ്റകൃത്യം ചെയ്തുവെന്നും കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തിലാണ് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. മുളക് പൊടി വിതറിയതും വൈദ്യുതി ബന്ധം വിച്ഛേദിച്ചതും എല്ലാം അബൂബക്കറാണെന്നും ഇതില്‍ പറയുന്നു. മറ്റൊരു പ്രതിക്കുള്ള സാധ്യതയോ സൂചനയോ റിമാന്റ് റിപ്പോര്‍ട്ടില്‍ ഇല്ല.

അബൂബക്കര്‍ ഹംലത്തിന്റെ വീട്ടില്‍ സംഭവ ദിവസം രാത്രി പോയിരുന്നു. ഹംലത്തിന്റെ പെന്‍ഷന്‍ ആവശ്യവുമായി ബന്ധപ്പെട്ട് പള്ളിയില്‍ നിന്നുള്ള കത്ത് കൊടുക്കാനാണ് പോയത്. ആ സമയത്ത് ശ്വാസംമുട്ടലുണ്ടെന്ന് ഹംലത്ത് പറഞ്ഞപ്പോള്‍ അബൂബക്കര്‍ അവിടെ ഉണ്ടായിരുന്ന ശീതളപാനീയം അവര്‍ക്ക് നല്‍കുകയും അവര്‍ ഉറങ്ങിയ ശേഷം 11 മണിയോടെ മടങ്ങി വരുകയും ചെയ്തിരുന്നു.

അബൂബക്കര്‍ പോയതിനു ശേഷമാണ് ദമ്പതിമാരായ മോഷ്ടാക്കള്‍ അവരുടെ വീട്ടില്‍ കയറുകയും മോഷണശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. ഇക്കാര്യമെല്ലാം പ്രതികള്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

കാലപാതകം നടത്തിയത് മറ്റൊരാളായിരിക്കെയാണ് സംശയത്തിന്റെ പേരില്‍ അറസ്റ്റിലായ അബൂബക്കറിന്റെ മുകളില്‍ മുഴുവന്‍ കുറ്റവും ചുമത്തിയത്. എന്നാല്‍ നിലവില്‍ അബൂബക്കറിനെതിരായ കൊലക്കുറ്റം ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

60 കാരിയെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളായ തൃക്കുന്നപ്പുഴ മുട്ടേക്കാട്ടില്‍ സൈനുലാബ്ദീനെയും ഭാര്യ അനീഷയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീയോട് മുന്‍വൈരാഗ്യമുണ്ടായിരുന്നെന്ന് സൈനുലാബിദ് പൊലീസിനോട് പറഞ്ഞു.

അബൂബക്കറിന്റെ കുടുംബം നിയമനടപടിയുമായി മുന്നോട്ട് വന്നതോടെയാണ് പോലീസ് കൊലക്കുറ്റം ഒഴിവാക്കി റിപോര്‍ട്ട് നല്‍കിയത്. അതേസമയം, അബൂബക്കറിനെതിരായ കൊലക്കുറ്റം ഒഴിവാക്കിയെങ്കിലും പീഡനത്തിന് ശ്രമിച്ചു എന്ന കുറ്റം ചാര്‍ത്താന്‍ പോലീസ് ശ്രമിക്കുന്നതായും റിപോര്‍ട്ടുണ്ട്.