
തെല്‍ അവീവ്: ഗസയില്‍ വെടിനിര്‍ത്തലിന്റെ ഭാഗമായുള്ള ബന്ദി മോചനത്തിന്റെ നാലാംഘട്ടം ഇന്ന്.(Three Israeli hostages and 90 Palestinian prisoners to be released today; Rafah border opens) മൂന്ന് ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. മൂന്ന് ഇസ്രായേല്‍ ബന്ദികളെയാണ് മോചിപ്പിക്കുക എന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.
![]() |
|
ഒഫര്‍ കല്‍ദറോണ്‍, കീത് സീഗല്‍, യര്‍ദേന്‍ ബിബാസ് എന്നീ ബന്ദികളെയാകും മോചിപ്പിക്കുക. ഇതിനു പകരമായി 90 ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ കൈമാറും. ഇവരില്‍ 9 പേര്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചവരാണ്.
ALSO READ: ആം ആദ്മി പാര്‍ട്ടി പ്രതിസന്ധിയില്‍; രാജിവച്ച എംഎല്‍എമാര്‍ ബിജെപിയിലേക്ക്
8 മാസത്തിന് ശേഷം റഫാ അതിര്‍ത്തി ഇന്ന് തുറക്കും. പരിക്കേറ്റ 50 ഫലസ്തീന്‍ കുഞ്ഞുങ്ങളെ വിദഗ്ധ ചികില്‍സക്കായി റഫ അതിര്‍ത്തി മുഖേന പുറം രാജ്യങ്ങളിലേക്ക് കൊണ്ടു പോകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
പതിനഞ്ച് മാസം ഇസ്രായേല്‍ നടത്തിയ ഗസാ ആക്രമണത്തില്‍ ഗരുതര പരിക്കേറ്റ് വിദഗ്ധ ചികില്‍സ കാത്തിരിക്കുന്ന ഫലസ്തീനികളുടെ എണ്ണം പതിനയ്യായിരത്തിനും മുകളിലാണ്. ഇവരില്‍ 2500 പേര്‍ കുട്ടികളാണ്.
ഗസ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം പിന്നിടുമ്പോള്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് ഇരുപക്ഷത്തെയും പ്രേരിപ്പിക്കാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ തിരക്കിട്ട നീക്കത്തിലാണ്. കൈറോയിലും ദോഹയിലും കേന്ദ്രീകരിച്ചാകും തുടര്‍ ചര്‍ച്ച. ഇസ്രായേലില്‍ പര്യടനം പൂര്‍ത്തിയാക്കിയ അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫ്, നെതന്യാഹു ഉള്‍പ്പെടെ നേതാക്കളുമായി വിശദ ചര്‍ച്ച നടത്തി. ഫിലാഡല്‍ഫി, നെത്‌സറിം ഇടനാഴികളും സ്റ്റിവ് വിറ്റ്‌കോഫ് സന്ദര്‍ശിച്ചു.
ചൊവ്വാഴ്ച വാഷിങ്ടണില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും തമ്മില്‍ നടക്കുന്ന ചര്‍ച്ച നിര്‍ണായകമാവും. ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ ആരുമായും ചര്‍ച്ചക്ക് തയാറാണെന്ന് ഹമാസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.
അതിനിടെ, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ വീണ്ടും ലബനാനില്‍ കനത്ത ആക്രമണം നടത്തി. ബെകാ വാലിയിലും ലബനാന്റെ സിറിയന്‍ അതിര്‍ത്തിയിലുമാണ് ഇസ്രായേല്‍ ആക്രമണം.