01
Jul 2023
Thu
01 Jul 2023 Thu

കാഞ്ഞങ്ങാട്: മണിപ്പൂർ കലാപത്തിൽ നടപടിയാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിൽ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. 17കാരനടക്കമുള്ളവരുടെ അറസ്റ്റാണ് ഹൊസ്ദുർഗ് പൊലീസ് രേഖപ്പെടുത്തിയത്. തെക്കേപ്പുറം സ്വദേശി നൗഷാദ്, ആറങ്ങാടി സ്വദേശി സായ സമീർ, 17കാരന്‍ എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസിൽ ഇന്നലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. മുദ്രാവാക്യം വിളിച്ചു നൽകിയ ആളടക്കമാണ് ഇന്നലെ പിടിയിലായത്. മുസ്ലിം ലീഗ്- യൂത്ത് ലീഗ് പ്രവർത്തകരായ അബ്ദുല്‍ സലാം, ഷെരീഫ്, ആഷിർ, അയ്യൂബ്, മുഹമ്മദ്‌ കുഞ്ഞി എന്നിവരാണ് അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തൽ, അന്യായമായി സംഘംചേരൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി റാലി നടത്തിയത്. പ്രകോപനപരമായ മുദ്രാവാക്യം വിളിയില്‍ കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്‍റ് പ്രശാന്ത് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. മുദ്രാവാക്യം വിളിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വവും രംഗത്ത് വന്നിരുന്നു.

അതേസമയം, മുദ്രാവാക്യം വിളിച്ച് നല്‍കിയ കാഞ്ഞങ്ങാട് സ്വദേശി അബ്ദുല്‍ സലാമിനെ യൂത്ത് ലീഗ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. മുസ്ലിം ലീഗിന്‍റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ച് നല്‍‍കിയതില്‍ നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റായാണ് പാര്‍ട്ടി കാണുന്നതെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വാര്‍ത്താ കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു