20
Mar 2023
Thu
20 Mar 2023 Thu

ദുബായ്: വളർത്തിവലുതാക്കിയവർ ഉപേക്ഷിച്ചതിനെത്തുടർന്ന് 66ാം വയസ്സിൽ വീണ്ടും ഗൾഫിലെത്തേണ്ടിവന്ന ജമീല താത്തയുടെ കഥ പ്രവാസികൾക്ക് നൊമ്പരമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. കറവ വറ്റിയ ഒരു പ്രവാസിയുടെ കഥപറയാമെന്ന പേരിൽ യു.എ.ഇ ആസ്ഥാനമായ മാധ്യമപ്രവർത്തകൻ അരുൺ രാഘവൻ ആണ് ജമാലതാത്തയുടെ അനുഭവം ഫേസ് ബുക്കിൽ പങ്കുവച്ചത്. തൃശൂർ ചേലക്കര സ്വദേശിയാണ് ജമീല. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ അവർ വീട്ടിൽനിന്ന് പുറത്താക്കപ്പെട്ടതോടെ 66 ാം വയസ്സിൽ വീണ്ടും ഗൾഫുകാരി ആയിരിക്കുകയാണ്. പക്ഷേ അരുൺ രാഘവന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ജമാലതാത്താക്ക് വീട് വാഗ്ദാനം ചെയ്തു. ഇക്കാര്യം അരുൺ മറ്റൊരു പോസ്റ്റിൽ അറിയിച്ചു.

അരുൺ രാഘവന്റെ പോസ്റ്റ് ഇങ്ങനെ:

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കറവ വറ്റിയ ഒരു പ്രവാസിയുടെ കഥപറയാം…

ഇരുപത്തിരണ്ടാംവയസ്സിൽ ഭർത്താവ് ഉപേക്ഷിച്ച ജമീല ഏക മകളെ പഠിപ്പിച്ചു മിടുക്കിയാക്കാൻ കടൽ കടന്നതാണ്. അറബി വീട്ടിൽ പണിയെടുത്ത കാശുകൊണ്ട് മകളെയും ആ മകളുടെ നാലു പെൺമക്കളെയും കെട്ടിച്ചയച്ചപ്പോഴേക്ക് ജമീലയ്ക്ക് വയസ്സ് അറുപതായി. ആരോഗ്യം മോശമായപ്പോൾ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാൽ ഗൾഫുകാരിക്കു കിട്ടിയ പതിവു സ്വീകരണവും സ്‌നേഹമൊന്നും ഇത്തവണ ഉണ്ടായില്ല. വാർദ്ധക്യത്തിന്റെ അന്ത്യത്തിലേക്ക് കാലും നീട്ടി ഇരിക്കുന്ന വരുമാനം നിലച്ചൊരു പ്രവാസിമാത്രമായി അവർ. ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രായമായ ഉമ്മ അവരുടെ സ്റ്റാറ്റസിനു ചേരാതെയായി. ഒരു രാത്രിയിൽ ഏക മകളുടെ ഭർത്താവ് വീട്ടിൽ നിന്നും ഇറക്കിവിട്ടു.

ഒരു നിവൃത്തിയുമില്ലാതായപ്പോൾ അറുപത്തിയാറാം വയസ്സിൽ അവർ വീണ്ടും ജോലിതേടി ഗൾഫിലെത്തി. കെട്ടുറപ്പുള്ള ഒരു ഒറ്റമുറി വീട്, ആ ലക്ഷ്യവുമായാണ് അവരെത്തിയത്. രണ്ടു വർഷത്തിനിടെ ദിവസേന നാലും അഞ്ചും വീടുകൾ കയറിയിറങ്ങി ഭക്ഷണം പാചകം ചെയ്ത് എങ്ങനെയൊക്കെയോ നാട്ടിൽ മൂന്ന് സെൻറ് സ്ഥലം സ്വന്തമാക്കി. പക്ഷെ വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ പ്രവാസി മലയാളികളുടെ സഹായം തേടുകയാണവർ.

പ്രവാസികൾ പലരും സ്വയം ജീവിക്കാൻ മറന്ന് പോയവരാണ്. സ്വന്തം കുടുംബം വളർത്താൻ ബന്ധങ്ങളെ പിണക്കാതിരിക്കാൻ മുണ്ടു മുറുക്കി ഉടുത്തവർ. അവരിൽ ഒരാൾ മാത്രമാണ് ജമീല. പ്രവാസം നിർത്തിവന്ന പ്രവാസി കറവ വറ്റിയ പശുവിനെ പോലെയെന്നൊക്കെ കേൾക്കുമ്പോൾ ചിരിവന്നേക്കാം. അഞ്ചുമിനുട്ട് ആ ഉമ്മയോട് സംസാരിച്ചിക്കുമ്പോൾ ചിരി വേദനയായി മാറും.

ജമീലതാത്തയുടെ നമ്പർ കൂടി ഇതോടൊപ്പം വെക്കുന്നു (0566728300)

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക