22
Feb 2025
Tue
22 Feb 2025 Tue
hamas hezbollah leaders photos in Thrithala Urus

പാലക്കാട്: ഇസ്രായേലിന്റെ പേടിസ്വപ്‌നമായ ഹിസ്ബുല്ല, ഹമാസ് നേതാക്കള്‍ പാലക്കാട് തൃത്താലയില്‍. (Thrithala Urus Hamas hezbollah leaders) തൃത്താലയില്‍ നടന്ന ദേശോത്സവത്തിലെ ആനയെഴുന്നള്ളിപ്പിലാണ് വിവിധ ഉപകമ്മിറ്റികള്‍ ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ബാനറുകള്‍ ഉയര്‍ത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘തറവാടീസ് തെക്കേഭാഗം’, ‘മിന്നല്‍പ്പട പവര്‍ തെക്കേഭാഗം’ തുടങ്ങിയ തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ അടങ്ങിയ ബാനറുകള്‍ തയാറാക്കിയിരിക്കുന്നത്

ഹമാസിന്റെ നേതാക്കളായ യഹ്യ സിന്‍വാര്‍, ഇസ്മായില്‍ ഹനിയ്യ, ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല എന്നിവരുടെ ചിത്രങ്ങളാണ് ആനപ്പുറത്തേറിയ യുവാക്കള്‍ ഉയര്‍ത്തിക്കാട്ടിയത്. പരിപാടിയുടെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്.

Thrithala Desholsavam

മതസൗഹാര്‍ദത്തിന്റെ സന്ദേശമുണര്‍ത്തി കൊണ്ടാടുന്ന തൃത്താല ദേശോത്സവത്തില്‍ നാടിന്റെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന കമ്മിറ്റികള്‍ പങ്കെടുക്കാറുണ്ട്. ഇരുപത്തിരണ്ടോളം ആഘോഷകമ്മിറ്റികളും ഉപകമ്മിറ്റികളുമാണ് ഇത്തവണ ആഘോഷ കാഴ്ചകളില്‍ വൈവിധ്യങ്ങളൊരുക്കുന്നത്.

പുതുപ്പളളി കേശവന്‍, മംഗലാംകുന്ന് ശരണ്‍ അയ്യപ്പന്‍, ഉട്ടോളി മഹാദേവന്‍, ചിറക്കര ശ്രീറാം, അമ്പാടി ബാലനാരായണന്‍ അടക്കമുളള ഇരുപത്തിരണ്ടോളം ആനകള്‍ ഞായറാഴ്ച രാവിലെ 9.30ന് നടന്ന ഗജസംഗമത്തില്‍ അണിനിരന്നു.

വൈകിട്ട് 4 മണിക്കാണ് ഉപകമ്മിറ്റികള്‍ അണിനിരക്കുന്ന ഗജഘോഷയാത്ര മേഴത്തൂര്‍ സെന്ററില്‍ നിന്നു തൃത്താലയിലേക്ക് പുറപ്പെട്ടത്. ഇതിലാണ് ഹമാസ്, ഹിസ്ബുല്ല നേതാക്കളുടെ ബാനറുകള്‍ ഉയര്‍ന്നത്. ഇസ്രായേലിനെതിരെ പോരാടുന്ന ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യമായാണ് യുവാക്കള്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയത്.

ഇസ്രായേല്‍ ആക്രമങ്ങളില്‍ കൊല്ലപ്പെട്ട നേതാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പോസ്റ്ററുകള്‍ നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകളുടെ പുറത്ത് ഉയര്‍ത്തുകയായിരുന്നു. തറവാടീസ് തെക്കേ ഭാഗം, മിന്നല്‍പട തെക്കേഭാഗം എന്നീ വിഭാഗങ്ങളാണ് ചിത്രങ്ങള്‍ ഉപയോഗിച്ചത്. ആഘോഷങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

ബാന്‍ഡ് വാദ്യം, ഡിജെ സംഗീതം, വിവിധ കലാപരിപാടികള്‍ എന്നിവയുടെ അകമ്പടിയോടെയായിരുന്നു ദേശോത്സവം. അതിന് മുന്നോടിയായി ആഘോഷ കമ്മിറ്റികളുടെ ദഫ്മുട്ട്, കലാപരിപാടികള്‍, ഗാനമേള എന്നിവയും അരങ്ങേറി.

തൃത്താല നേര്‍ച്ച ആദ്യം പള്ളി കേന്ദ്രീകരിച്ചാണ് നടത്തിയിരുന്നത്. ഇപ്പോള്‍ അത് എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്ന ദേശോല്‍സവമായി മാറി.