പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം; പശുക്കിടാവിനെ കടിച്ചു കൊന്നു; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍
|
കല്‍പ്പറ്റ: വന്യജീവി ആക്രമണത്തിനെതിരായ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ആശ്രമക്കുടി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കയറി പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തി ബഹളം വെച്ചപ്പോഴേക്കും പിടികൂടിയ പശുക്കുട്ടിയെ ഉപേക്ഷിച്ച് കടുവ ഓടിപ്പോയി. സമീപപ്രദേശങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്.
എല്‍ദോസിന്റെ വീടിന് സമീപത്തുള്ള അമ്പലത്തറയില്‍ കടുവ ഒരു കാളക്കുട്ടിയെ കൊന്നിരുന്നു. ഈ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി വന്യജീവി ആക്രമണം ഉണ്ടാകുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.
അതേസമയം, വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ രാഹുല്‍ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. പുലര്‍ച്ചെ കണ്ണൂരില്‍ നിന്നും രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം വയനാട്ടിലേക്ക് പുറപ്പെട്ടു. കര്‍ണാടകയില്‍ നിന്നെത്തിയ കാട്ടാന ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട് രാഹുല്‍ഗാന്ധി രാവിലെ സന്ദര്‍ശിക്കും.
തുടര്‍ന്ന് കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തില്‍ മരിച്ച വനംവകുപ്പ് താല്‍ക്കാലിക ജീവനക്കാരന്‍ പാക്കത്തെ പോളിന്റെ വീട്ടിലെത്തും. തുടര്‍ന്ന് നേരത്തെ കടുവയുടെ ആക്രമണത്തില്‍ മരിച്ച മുടക്കൊല്ലിയിലെ പ്രജീഷിന്റെ വീടും രാഹുല്‍ഗാന്ധി സന്ദര്‍ശിക്കും. ഇതിനു ശേഷം കല്‍പ്പറ്റ പിഡബ്ലിയുഡി റസ്റ്റ് ഹൗസിലേക്ക് പോകും.
റസ്റ്റ് ഹൗസില്‍ നടക്കുന്ന അവലോകന യോഗത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും. ഇതിനുശേഷം 12 മണിയോടെ രാഹുല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം കണ്ണൂരിലേക്ക് തിരിക്കും. ഉച്ചയോടെ രാഹുല്‍ഗാന്ധി അലഹാബാദിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ്, ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ച് രാഹുല്‍ഗാന്ധി വയനാട്ടിലെത്തുന്നത്.





