കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതുപ്രകാരം രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ സൂചിപ്പിക്കുന്ന യെല്ലോ അലർട്ട് മുന്നറിയിപ്പുള്ളത്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നത്.
|
അടുത്ത ഏഴു ദിവസം വരെ മഴ തുടരുമെന്നും കേരള , കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നത്തെ മഴ മുന്നറിയിപ്പ്
ഇന്ന് കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. ഇവിടെ
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യത നിലനില്ക്കുന്നു.
ഉയർന്ന തിരമാല ജാഗ്രത
കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തെക്കൻ തമിഴ്‌നാട് തീരത്ത് നാളെ (26/09/2024) ഉച്ചയ്ക്ക് 02.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത നിലനില്ക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൂവാർ വരെ സമുദ്രജലപ്രവാഹത്തിൽ നാളെ രാത്രി 7 മണി വരെ വ്യതിയാനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.


