ദോഹ: ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുടിശ്ശികയുണ്ടെങ്കില്‍ യാത്രാവിലക്കേര്‍പ്പെടുത്താന്‍ ഖത്തര്‍. ഈ വര്‍ഷം സപ്തംബര്‍ 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ആഭ്യന്തര മന്ത്രാലയത്തില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്തയാണ് വാര്‍ത്താ സമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിച്ചത്. ഗതാഗതനിയമലംഘനങ്ങളും പിഴകള്‍ പൂര്‍ണമായും അടച്ചുതീര്‍ക്കാതെ കര, വ്യോമ, ജല അതിര്‍ത്തികള്‍ കടന്നുപോവാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Traffic law violators cannot exit Qatar)
|
ഗതാഗത നിയമലംഘനങ്ങള്‍ ഉള്ള വാഹനങ്ങളും അതിര്‍ത്തി കടന്നുപോവാന്‍ അനുവദിക്കില്ല. അതിര്‍ത്തി കടന്നുപോവാനുള്ള പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ പിഴ കുടിശ്ശികയുണ്ടാവാന്‍ പാടില്ല. രാജ്യത്തിനു പുറത്തേക്ക് കൊണ്ടുപോവുന്ന വാഹനങ്ങളുടെ ഉടമയാണ് ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്. വാഹനത്തിന്റെ അവസാന ഡെസ്റ്റിനേഷന്‍ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. അതേസമയം, ജിസിസി രാജ്യങ്ങളിലേക്കു പോവുന്ന വാഹനങ്ങള്‍ക്കും ചരക്ക് നീക്ക വാഹനങ്ങള്‍ക്കും എക്‌സിറ്റ് പെര്‍മിറ്റിന്റെ ആവശ്യമില്ല. അതേസമയം ഈ വാഹനങ്ങള്‍ക്കും നിയമലംഘന പിഴകള്‍ കുടിശ്ശികയുണ്ടായിരിക്കരുത്. വാഹന ഉടമയുടെ അനുമതിയുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും വാഹനം കൊണ്ടുപോകാവുന്നതാണ്.
ഖത്തര്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പിഴത്തുകയില്‍ 50 ശതമാനം ഇളവ് അനുവദിക്കും. 2024 ജൂണ്‍ 1 മുതല്‍ 2024 ആഗസ്ത് 31 വരെയാണ് ഈ ഇളവ്. മൂന്നുവര്‍ഷത്തില്‍ കൂടാത്ത നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ ഈ ഇളവില്‍ അടച്ചുതീര്‍ക്കാവുന്നതാണ്.


