10
Apr 2023
Fri
10 Apr 2023 Fri

കോഴിക്കോട്: എലത്തൂ‍ർ ട്രെയിനിലെ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് എസ് വി മനേഷ് ആശുപത്രിയിലെത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. ഈ മാസം 28 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാരൂഖ് സെയ്ഫിയുടെ ആരോഗ്യനില തൃപ്തികരമെന്ന് വെെദ്യ പരിശോധനാ റിപ്പോ‍ർട്ടിൽ വ്യക്തമാക്കിയിരുന്നു. മുഖത്തെ പൊള്ളൽ സാരമുള്ളതല്ലെന്നും കൈയ്ക്ക് പൊട്ടലില്ലെന്നും പരിശോധനയിൽ വ്യക്തമായി. ഇതിന് പിന്നാലെയാണ് തുടർ നടപടികൾ സ്വീകരിച്ചത്.

പ്രതിയുടെ ശരീരത്തിലെ മുറിവുകൾക്ക് പരമാവധി നാലു ദിവസത്തെ പഴക്കം മാത്രമാണുള്ളതെന്ന് പരിശോധനാ ഫലത്തിൽ പറയുന്നു. ട്രെയിനിൽ നിന്ന് ചാടിയപ്പോൾ ഉണ്ടായതാവാം ശരീരത്തിലെ മുറിവുകൾ എന്നതാണ് ഫോറൻസിക് വിദഗ്ധരുടെ നിഗമനം.

അതേസമയം, കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്താനും സാധ്യതയുണ്ട്. നിലവിൽ പ്രത്യേക സംഘം അന്വേഷിക്കുന്ന കേസ് യുഎപിഎ ചുമത്തുന്നതോടെ ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. ഇന്നലെ ആശുപത്രിയിൽ വച്ചും ഷാരൂഖ് സെയ്ഫിയെ പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു.

ഷാരൂഖ് സെയ്ഫിക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധം ഉണ്ടോയെന്നത് എൻഐഎ അടക്കമുള്ള ദേശീയ അന്വേഷണ ഏജൻസികളും പരിശോധിക്കുന്നുണ്ട്. ഓടുന്ന ട്രെയിനിൽ യാത്രക്കാർക്കു നേരെ ഷാരൂഖ് സെയ്ഫി ബോധപൂർവം പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു എന്നു തെളിഞ്ഞിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക