26
Feb 2025
Mon
26 Feb 2025 Mon
Train toilet water tap

പാലക്കാട്: മോഷണം ഒരു കലയാണ് എന്ന് പറയാറുണ്ട്. പ്രൊഫഷനല്‍ കള്ളന്മാര്‍ക്കൊക്കെ ചില പ്രത്യേക മോഷണ രീതികളുണ്ടാവുമത്രെ.  ഓടിട്ട വീടുകളില്‍ മാത്രം കയറുന്നവര്‍, കടകളുടെ കാഷ് കൗണ്ടര്‍ മാത്രം കുത്തിത്തുറക്കുന്നവര്‍ അങ്ങിനെ പല രീതികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇപ്പോഴിതാ വിചിത്രമായ പുതിയൊരു മോഷണ രീതി കണ്ടെത്തിയിരിക്കുകയാണ് പോലീസ്. ട്രെയ്‌നുകളാണ് ഈ കള്ളന്റെ ടാര്‍ജറ്റ്. ട്രെയ്‌നുകളിലെ ശൗചാലയം കേന്ദ്രീകരിച്ചാണ് മോഷണം.

ട്രെയിനുകളിലെ ശൗചാലയത്തില്‍ നിന്നും സ്ഥിരമായി പൈപ്പുകള്‍ മോഷണം പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് റെയില്‍വേ സുരക്ഷാ സേന ഒരുക്കിയ കെണിയില്‍ ഒടുവില്‍ പ്രതി വീണു.

തമിഴ്‌നാട് പോത്തന്നൂര്‍ മേട്ടൂര്‍ തോട്ടംകുറിച്ചി ഗാന്ധിനഗര്‍ സ്വദേശി ഗാന്ധിയാണ് (50) പിടിയിലായത്. കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ തീവണ്ടിയിലെ രണ്ട് കോച്ചുകളിലെ ശൗചാലയത്തില്‍ നിന്നും ടാപ്പുകള്‍ തുടര്‍ച്ചയായി നഷ്ടമായിരുന്നു. ഇതിനെതുടര്‍ന്ന് റെയില്‍വേ എന്‍ഞ്ചിനീയറിംഗ് വിഭാഗം റെയില്‍വേ സുരക്ഷാസേനയ്ക്ക് പരാതി നല്‍കുകയായിരുന്നു.

ഇതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കിയപ്പോഴാണ് പ്രതി കുടുങ്ങിയത്. ഒരു ശൗചാലയത്തില്‍ നിന്ന് മറ്റൊരു ശൗചാലയത്തിലേക്ക് ഒരാള്‍ കയറിയിറങ്ങിയത് സംശയത്തോടെ വീക്ഷിച്ച ഉദ്യോഗസ്ഥര്‍ പ്രതിയെ കൈയ്യോടെ പൊക്കുകയായിരുന്നു.

പരിശോധനയില്‍ ഇയാളുടെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും എട്ട് ടാപ്പുകള്‍ സുരക്ഷാസേന കണ്ടെത്തി. ആറ് ടാപ്പുകള്‍ വീതം പ്രതിദിനം മോഷ്ടിക്കുന്ന പ്രതി ഇവ ആക്രിക്കടയില്‍ വില്‍ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി ഗാന്ധിയെ റിമാന്‍ഡ് ചെയ്തു.