പരിശീലകനെ നായ കടിച്ചുകൊന്നു. മുംബൈയിലെ വിഖ്റോളിയിലാണ് സംഭവം. 22കാരനായ ഹസ്രത്ത് അലിയാണ് മരിച്ചത്. അതേസമയം സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്തെത്തി. വിഖ്റോളിയിലെ ഗോദ്റജ് വളപ്പില്‍ മാര്‍ഷല്‍ ഡോഗ് കമ്പനി നടത്തിയ പരിശീലന സെഷനിടെ ഹസ്രത്ത് അലിയെ ഗ്രേറ്റ് ഡേന്‍ ഇനമായ നായ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
|
എട്ടുമാസം മുമ്പാണ് ഹസ്രത്ത് അലി കമ്പനിയില്‍ ജോലിക്കു ചേര്‍ന്നതെന്നും യുവാവുമായി നായ നല്ല ഇണക്കത്തിലായിരുന്നുവെന്നും ഒരിക്കലും ഇങ്ങനെ കടിക്കുകയില്ലെന്നും അമ്മാവനായ പര്‍വേസ് ഷെയ്ഖ് പറഞ്ഞു. ഹസ്രത്ത് അലിയുടെ മൃതദേഹം താന്‍ കണ്ടപ്പോള്‍ നെഞ്ചിലെ വലിയൊരു ഭാഗം മാംസവും കൈകളും കാണാനില്ലായിരുന്നുവെന്നും കമ്പനി എന്തൊക്കെയോ മറയ്ക്കുകയാണെന്നും പര്‍വേസ് ഷെയ്ഖ് പറഞ്ഞു.
തിങ്കളാഴ്ച നടത്തേണ്ടിയിരുന്ന യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം വിശദീകരണമൊന്നുമില്ലാതെ ബുധനാഴ്ചത്തേക്കു മാറ്റിവച്ചുവെന്നും ഇതു തങ്ങളുടെ സംശയങ്ങള്‍ വര്‍ധിപ്പിക്കാന്‍ കാരണമാവുന്നുണ്ടെന്നും അമ്മാവന് പറഞ്ഞു.






