ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലിയെന്ന് മമ്മൂട്ടി; അത്തച്ചമയ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിട്ട് താരം
|
തൃപ്പൂണിത്തുറ: വര്‍ണാഭമായ അത്തം ഘോഷയാത്രയോടെ മലയാളക്കരയുടെ ഓണാഘോഷത്തിന് തുടക്കമായി. തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലെ അത്തം നഗറില്‍ നിന്നു തുടങ്ങി നഗരം ചുറ്റിയാണ് ഘോഷയാത്ര. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. നടന്‍ മമ്മൂട്ടി ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. വ്യവസായ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തി.
അത്താഘാഷ പരിപാടിയില്‍ അതിഥിയായി എത്തുന്നത് ആദ്യമായാമെന്ന് മമ്മൂട്ടി പറഞ്ഞു. ഇവിടെ അടുത്ത് ചെമ്പിലുള്ള ആളാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിന് മുമ്പ് അത്തം ഘോഷയാത്രക്ക് വായ് നോക്കി നിന്നിട്ടുണ്ട്. അന്നും പുതുമുയും അത്ഭുതവും ഉണ്ട്. ഇന്നും അത് വിട്ടുമാറിയിട്ടില്ല. ഏത് സങ്കല്‍പ്പത്തിന്റയോ ഏത് വിശ്വാസത്തിന്റേയോ പേരിലായാലും ഓണം നമുക്ക് ആഘോഷമാണ്. അത്തച്ചമയം വലിയ സാഹിത്യ സാംസ്‌കാരിക ആഘോഷമാക്കി മാറ്റണം. ഘോഷയാത്രക്ക് അപ്പുറം സാംസ്‌കാരിക മേഖലക്ക് സംഭവന നല്‍കിയവരെ കൂടി പങ്കെടുപ്പിച്ച്, അവരുടെ ലോകോത്തരമായ കലാരൂപങ്ങള്‍ അവതരിപ്പിക്കണം. അത്തച്ചമയം കേരളത്തിന്റെ വലിയ ടാഗ് ലൈന്‍ ആകും. ട്രേഡ്മാര്‍ക്ക് ആകും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്നും മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു. മനുഷ്യരെ ഒന്നിപ്പിക്കുന്ന ആഘോഷമായി ഓണം നിലനില്‍ക്കെട്ടെയന്നും മമ്മൂട്ടി ആശംസിച്ചു.
രാജഭരണം പോയി, പ്രജകളാണ് അതായത് നമ്മളാണ് ഇപ്പോള്‍ രാജാക്കന്‍മാര്‍. ഇത് നമ്മുടെ സന്തോഷത്തിന്റെയും സൗഹാര്‍ദത്തിന്റെയും ഒക്കെ ഒരു ആഘോഷമാണെന്ന് മമ്മൂട്ടി പറഞ്ഞു. ഈ ആഘോഷം ഒരു വലിയ സാഹിത്യ, സംഗീത, സാംസ്‌കാരിക ആഘോഷമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രിയോട് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി. മനുഷ്യരെ എല്ലാവരേയും ഒന്നുപോലെ കാണുക, അങ്ങനെയൊരു സങ്കല്‍പ്പം ലോകത്ത് എങ്ങും നടന്നിട്ടുള്ളത് നമുക്ക് അറിയില്ല. സൃഷ്ടിയില്‍ പോലും മനുഷ്യര്‍ എല്ലാവരും ഒരുപോലെയല്ല. എന്നാലും മനസ്സുകൊണ്ടും പെരുമാറ്റം കൊണ്ടും നമുക്ക് ഒരേപോലെയുള്ള മനുഷ്യരാകാം, അതിന് ഈ ആഘോഷങ്ങള്‍ ഉപകരിക്കട്ടെ. മമ്മൂട്ടി പറഞ്ഞു.
അത്തച്ചമയം രാജാധികാരത്തിന്റെ സ്വകാര്യ ആഘോഷമായിരുന്നില്ലെന്നും മറിച്ച് ജനങ്ങളുടെ പൊതുവായ ആഘോഷമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തച്ചമയത്തിന് പണ്ടേ നിലനിന്നു പോരുന്ന മതനിരപേക്ഷ സ്വഭാമാണ്. ഈ മതനിരപേക്ഷ സ്വഭാവം വര്‍ത്തമാനകാല ഇന്ത്യയില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതാണ്. തൃപ്പൂണിത്തുറ നല്‍കുന്ന ഈ മതസൗഹാര്‍ദത്തിന്റെ തെളിവെളിച്ചം വര്‍ഗീയതയുടെ അന്ധകാരം പടരുന്ന എല്ലാ ദിക്കിലേക്കും പടരേണ്ടതുണ്ട്. വംശവിദ്വേഷത്തിന്റെയും വര്‍ഗീയ കലാപങ്ങളുടെയും കലുഷാന്തരീക്ഷത്തില്‍ ഈ സ്‌നേഹ സന്ദേശം എത്രയേറെ പ്രസക്തമാണെന്ന് പറയേണ്ടതില്ല. അത്തമച്ചയ ഘോഷയാത്ര തൃശൂര്‍പൂരം പോലെ വലിയ ആഘോഷമായി മാറട്ടേയെന്നും അദ്ദേഹം ആശംസിച്ചു.





