01
Mar 2025
Sat
01 Mar 2025 Sat
Trump-Zelensky meeting to stop war falls apart

വാഷിങ്ട്ടണ്‍: ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം നിര്‍ത്താനായി ട്രംപും സെലെന്‍സ്‌കിയും തമ്മില്‍ നടന്ന കൂടിക്കാഴ്ച പിരിഞ്ഞത് തര്‍ക്കത്തില്‍. ഇന്നലെ വൈറ്റ്ഹൗസില്‍ വച്ചാണ് ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിര്‍ണായകമായ ധാതു കരാര്‍ ഉറപ്പിക്കാമെന്നും റഷ്യയുടെ അധിനിവേശം ത്വരിതപ്പെടുത്തുന്നതിന് യുഎസ് പിന്തുണ ഉറപ്പിക്കാമെന്നുമുള്ള പ്രതീക്ഷയോടെയാണ് സെലന്‍സ്‌കി കൂടിക്കാഴ്ചയ്‌ക്കെത്തിയത്. എന്നാല്‍, കൂടിക്കാഴ്ച നീങ്ങിയത് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിലേക്കായിരുന്നു. ട്രംപും യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും സെലെന്‍സ്‌കി തന്റെ വാദം ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ കടുത്ത വിമര്‍ശനം കൊണ്ട് അദ്ദേഹത്തെ നേരിടുകയായിരുന്നു.

കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ ഒരു കരാറിലും ഒപ്പുവയ്ക്കുകയോ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയോ ചെയ്തില്ല. സെലെന്‍സ്‌കിയുടെ പ്രതിനിധി സംഘത്തോട് വൈറ്റ് ഹൗസ് വിട്ടുപോകാന്‍ ആവശ്യപ്പെടുകയുംചെയ്തു.

യുദ്ധം അവസാനിപ്പിക്കാന്‍ പുട്ടിന്‍ കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ചര്‍ച്ചയ്ക്കിടെ സെലന്‍സ്‌കിയോട് ട്രംപ് പറഞ്ഞു. പുട്ടിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും യുദ്ധം അവസാനിപ്പിക്കാന്‍ തയാറെങ്കില്‍ ഉറപ്പുകള്‍ ലഭിക്കണമെന്നും ഇതിന് സെലന്‍സ്‌കി മറുപടി പറഞ്ഞു.

മുന്നാം ലോകയുദ്ധമുണ്ടായേക്കാവുന്ന നടപടികളാണു സെലെന്‍സ്‌കിയുടേതെന്ന് ട്രംപ് ആരോപിച്ചു. ഇതോടെ, പുട്ടിനോടുള്ള മൃദുലമായ സമീപനത്തില്‍ ട്രംപിനെ സെലെന്‍സ്‌കി പരസ്യമായി വിമര്‍ശിച്ചു.

യുഎസ് ചെയ്ത സഹായങ്ങള്‍ക്ക് നന്ദി വേണമെന്ന് സെലെന്‍സ്‌കിയോട് ട്രംപ് പറഞ്ഞു. രാഷ്ട്ര നേതാക്കളുടെ പതിവു ചര്‍ച്ചകളില്‍ നിന്നു മാറി പരസ്പരം വാക്കുതര്‍ക്കത്തിലേക്കു നീണ്ടതോടെ ചര്‍ച്ച അവസാനിക്കുകയായിരുന്നു.

സെലന്‍സ്‌കി യുഎസിനെ അപമാനിച്ചെന്ന് പിന്നാലെ ട്രംപ് സമൂഹമാധ്യമത്തില്‍ ആരോപിച്ചു. സമാധാനത്തിന് തയാറുള്ളപ്പോള്‍ സെലെന്‍സ്‌കിക്ക് തിരിച്ചുവരാമെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തില്‍ യുഎസിനു ചെലവായ പണത്തിനു പകരമായി ഉക്രൈന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50 ശതമാനം വരുമാനം യുഎസുമായി പങ്കിടുന്ന കരാറില്‍ സെലെന്‍സ്‌കി ഒപ്പുവയ്ക്കാതെയാണ് നാട്ടിലേക്ക് മടങ്ങിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക