<H2>കാട്ടാനയെ കാടുകയറ്റാനായില്ല; മാനന്തവാടിയില്‍ നിരോധനാജ്ഞ
|
ജനവാസമേഖലയില്‍ നിലയുറപ്പിച്ച കാട്ടാനയെ പിടികൂടാനാവാത്തതിനെ തുടര്‍ന്ന് മാനന്തവാടിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. എടവക ഗ്രാമപ്പഞ്ചായത്തിലെ നാല്, അഞ്ച്, ഏഴ് വാര്‍ഡുകളിലും മാനന്തവാടി നഗരസഭയിലെ 24, 25, 26, 27 ഡിവിഷനുകളിലുമാണ് മാനന്തവാടി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആനയെ തിരികെ കാടുകയറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
അതേസമയം കര്‍ണാടകയിലെ ഹാസനില്‍ നിന്ന് ജനുവരി 16ന് വനംവകുപ്പ് പിടികൂടിയ ആനയാണ് വയനാട്ടില്‍ എത്തിയതെന്ന് സ്ഥിരീകരിച്ചു. ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്ന് കര്‍ണാടക വനംവകുപ്പ് പിടികൂടിയ ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മൂലഹൊള്ളയില്‍ തുറന്നുവിടുകയായിരുന്നു.
രാവിലെയാണ് പായോട്കുന്നില്‍ നാട്ടുകാര്‍ കാട്ടാനയെ കണ്ടത്. ജനവാസകേന്ദ്രങ്ങളിലൂടെ നീങ്ങിയ ആന പിന്നീട് പുഴ നീന്തിക്കടന്ന് മാനന്തവാടി താഴെയങ്ങാടി ഭാഗത്തെത്തി. ന്യൂമാന്‍സ് കോളജ്, എന്‍ജിഒ. ക്വാര്‍ട്ടേഴ്‌സ്, മിനി സിവില്‍ സ്റ്റേഷന്‍, കോടതി, സബ് ട്രഷറി, വനം വകുപ്പ് വിശ്രമ മന്ദിരം എന്നിവയ്ക്കു സമീപത്തുകൂടെ പോയ ആന എട്ടോടെ മാനന്തവാടി ട്രാഫിക് പൊലീസ് സ്റ്റേഷനു മുന്നിലെത്തുകയായിരുന്നു. ആന ഇതുവരെ പ്രകോപനമൊന്നും ഉണ്ടാക്കിയിട്ടില്ല. പടക്കംപൊട്ടിച്ച് ആനയെ കാടുകയറ്റാനാണ് അധികൃതരുടെ ശ്രമം.


