തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ തുടര്‍ ഭൂചലനങ്ങളില്‍ മരണം 6000 കടന്നു. നിലംപൊത്തിയ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
|
രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ ഭൂകമ്പ മാപിനിയില്‍ 5.7 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭൂകമ്പം നാശംവിതച്ച 10 പ്രവിശ്യകളില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതായി തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്ദുഗാന് അറിയിച്ചു.
കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് എണ്ണായിരത്തിലേറെ പേരെ പുറത്തെടുത്തതായി തുര്‍ക്കിഷ് വൈസ് പ്രസിഡന്റ് ഫുവാത് ഒക്തായി പറഞ്ഞു. ഇരുപതിനായിരത്തിലേറെ ആളുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങളിലുമായി പതിനായിരക്കണക്കിന് പേര്‍ക്കാണ് പരിക്കേറ്റത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തുര്‍ക്കിയിലേക്കും സിറിയയിലേക്കും സഹായങ്ങള്‍ പ്രവഹിക്കുകയാണ്. 14 രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ ഇതിനകം തുര്‍ക്കിയിലെത്തിയതായി വൈസ് പ്രസിഡന്റ് പറഞ്ഞു. 70 രാജ്യങ്ങളില്‍ നിന്നുള്ള സംഘം വൈകാതെ രാജ്യത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



