ചെന്നൈ: വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) വീണ്ടും പൊതുജന സമ്പര്‍ക്ക പരിപാടികളുമായി സജീവമാകുന്നു. ഉള്ളരങ്ങ് എന്ന പേരില്‍ നടത്തുന്ന പരിപാടിയുടെ ആദ്യ എപ്പിസോഡ് ഇന്ന് കാഞ്ചീപുരത്തെ കോളേജ് ക്യാംപസില്‍ നടക്കും.
|
ഇന്നത്തെ യോഗത്തില്‍ 2000 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ടിവികെ നേതാക്കള്‍ അറിയിച്ചു. ക്യുആര്‍ കോഡ് അടങ്ങിയ ടിക്കറ്റ് ലഭിച്ചവര്‍ക്ക് മാത്രമേ കോളേജ് ക്യാംപസിലേക്ക് പ്രവേശനം ഉണ്ടാകൂ എന്നും ടിവികെ വ്യക്തമാക്കി.
കരൂര്‍ ദുരന്തത്തിന് ശേഷം പൊതുപരിപാടികള്‍ക്കുള്ള അനുമതി ടിവികെയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സേലത്ത് ഡിസംബര്‍ നാലിന് പ്രഖ്യാപിച്ച പരിപാടിയുടെ തീയതി മാറ്റണമെന്ന് പൊലിസ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്‍ഡോര്‍ പരിപാടിയുമായി വിജയ് ഇറങ്ങുന്നത്.
ഇതേ മാതൃകയില്‍ മറ്റ് ജില്ലകളിലും ഇന്‍ഡോര്‍ സംവാദ യോഗങ്ങള്‍ തുടര്‍ന്ന് നടത്തുമെന്നാണ് സൂചന. 2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ സംഘടനാ ശേഷി ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
കോണ്‍ഗ്രസ് ടിവികെ ചര്‍ച്ച
അതേസമയം 2026 ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് സമിതിയെ നിയോഗിച്ചു.
ടിവികെയുമായി സഖ്യമുണ്ടാക്കണമെന്ന് പിസിസിയിലെ ആവശ്യം ശക്തമായതോടെയാണ് ഡിഎംകെയുമായി ചര്‍ച്ചകള്‍ നടത്താന്‍ കോണ്‍ഗ്രസ് സമിതിയെ നിയോഗിച്ചത്. വിജയ്‌യുടെ ജനസമ്മതി കോണ്‍ഗ്രസിന് ഗുണകരമാകുമെന്ന വിലയിരുത്തലിലായിരുന്നു പിസിസി. എന്നാല്‍ ഡിഎംകെയ്ക്ക് ഒപ്പം നില്‍ക്കണമെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെയാണ് സമിതി രൂപീകരിച്ചത്.
എം കെ സ്റ്റാലിന്റെ പാര്‍ട്ടിയുമായി സഹകരണം തുടരുന്ന കാര്യത്തിലടക്കം ചര്‍ച്ചക്കായി 5 അംഗ സമിതിയെ ആണ് ഹൈക്കമാന്‍ഡ് നിയോഗിച്ചിട്ടുള്ളത്. സീറ്റ് ചര്‍ച്ചയ്ക്കായി സമിതിയെന്നാണ് എ ഐ സി സി അറിയിക്കുന്നത്. വിജയ് യുടെ പാര്‍ട്ടിയായ ടി വി കെയുമായി സഖ്യം വേണമെന്ന ആവശ്യം തമിഴ്‌നാട് പി സി സിയില്‍ ശക്തമായതോടെയാണ് നടപടിയെന്നാണ് വ്യക്തമാകുന്നത്.
തമിഴ്‌നാട്, പുതുച്ചേരി ചുമതലയുള്ള നേതാവ് ഉള്‍പ്പെടെ അഞ്ച് പേരാണ് സമിതിയില്‍. സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. സമിതി രൂപീകരിച്ചതിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം സ്വാഗതം ചെയ്തു.
കേരള നേതാക്കളുടെ അഭിപ്രായം?
കെ സി വേണുഗോപാല്‍ വിജയ് യുടെ ടി വി കെയുമായി സഖ്യത്തിന് വേണ്ടി വാദിക്കുന്നുവെന്ന പ്രചാരണം തമിഴ്‌നാട്ടിലുണ്ട്. വിജയ് യുമായുള്ള സഖ്യം കേരളത്തിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന് കേരളത്തിലെ നേതാക്കള്‍ പറയുന്നു എന്നാണ് തമിഴ്‌നാട്ടിലെ നേതാക്കളുടെ അവകാശവാദം. സ്റ്റാലിനെ കൈവിടരുതെന്ന് നെഹ്റു കുടുംബം നിലപാട് എടുത്തതോടെ ടി വി കെയുമായുള്ള ചര്‍ച്ചകള്‍ ഉപേക്ഷിച്ചെന്നാണ് അഭ്യൂഹം.


