30
Jun 2023
Sat
30 Jun 2023 Sat

ഇംഫാൽ: മണിപ്പൂർ ദിവസങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും കത്തുന്നു. വനം, വൈദ്യുതി വകുപ്പ് മന്ത്രി തോംഗാം ബിശ്വജിത് സിങിന്റ തോങ്ജു നിയമസഭ മണ്ഡലത്തിലെ ഓഫീസ് കലാപകാരികൾ അഗ്‌നിക്കിരയാക്കി. ബിജെപി സംസ്ഥാന അധ്യക്ഷ അധികാരിമയും ശാരദാ ദേവിയുടെ വീടിന് നേർക്കും ആക്രമണം നടന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച അർധരാത്രിയാണ് ബിജെപി സംസ്ഥാന അധ്യക്ഷയുടെ ഇംഫാലിലെ വീടിന് നേർക്ക് ആക്രമണം നടന്നത്. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ സിആർപിഎഫ് ആകാശത്തേക്ക് വെടിവെച്ചു.

വെള്ളിയാഴ്ച അർധരാത്രി തന്നെ മന്ത്രിയുടെ ഓഫീസിനും ആൾക്കൂട്ടം തീയിട്ടു. മുഖ്യമന്ത്രി ബിരേൻ സിങ് കഴിഞ്ഞാൽ മണിപ്പൂർ മന്ത്രിസഭയിലെ രണ്ടാമനാണ് ബിശ്വജിത് സിങ്.

ബിഷ്ണുപുർ, ചുരചന്ദ്പുർ ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു എന്നാണ് റിപ്പോട്ട്. ഇവിടെ കലാപകാരികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

ഇംഫാൽ വെസ്റ്റിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമം സേന പരാജയപ്പെടുത്തി. ആയിരത്തോളം വരുന്ന ആൾക്കൂട്ടം ഇറിങ്ബാം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു.

റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് കണ്ണീർ വാതകം പ്രയോഗിച്ചാണ് അക്രമകാരികളെ തുരത്തിയത്. കലാപത്തിൽ ഇതിനോടകം 120 പേർ കൊല്ലപ്പെടുകയും 400നു മുകളിൽ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് കണക്ക്.