26
Jan 2025
Sun
26 Jan 2025 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: ദളിത് ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മലയാളി ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് യുപി കോടതി തടവു ശിക്ഷ വിധിച്ചു. പത്തനംതിട്ട സ്വദേശികളായ ജോസ് പാപ്പച്ചന, ഭാര്യ ഷീജ എന്നിവരെയാണ്   അംബേദ്കര്‍ നഗറിലെ പ്രത്യേക കോടതി അഞ്ചുവര്‍ഷം തടവിനും ശിക്ഷിച്ചത്. പ്രതികൾ 25000 രൂപ പിഴയും അടക്കണം.

ദമ്പതികള്‍ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ബി.ജെ.പി വനിത നേതാവ് ചന്ദ്രിക പ്രസാദ് 2023ല്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്. ദലിത് വിഭാഗക്കാരെ വശീകരിച്ച് ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു ബിജെപി നേതാവിൻ്റെ പരാതി. യു.പിയിലെ മതപരിവര്‍ത്തന നിയമത്തിന് പുറമെ 1989ലെ എസ്.സി, എസ്.ടി അതിക്രമങ്ങള്‍ തടയല്‍നിയമ പ്രകാരവും ദമ്പതികള്‍ക്കെതിരെ കേസെടുത്തിരുന്നു. അംബേദ്കര്‍ നഗറിലെ ഷാഹ്പുര്‍ ഫിറോസ് ഗ്രാമത്തിലെ പാവപ്പെട്ട ദലിത് കുടുംബങ്ങളെ ക്രിസ്ത്യാനികളാക്കാന്‍ സംഘടിത ശ്രമം നടത്തിയെന്നും ഇതിനായി ബൈബിളും മറ്റ് പുസ്തകങ്ങളും വിതരണം ചെയ്‌തെന്നുമായിരുന്നു പരാതി. ആരോപണങ്ങൾ ഒക്കെയും ജഡ്ജി രാംവിലാസ് സിങ് ശരിവയ്ക്കുകയും ചെയ്തു.

മധ്യപ്രദേശില്‍ താമസിക്കുന്ന പാപ്പച്ചനും ഷീജയും മതംമാറ്റത്തിന് വേണ്ടിയാണ് അംബേദ്കര്‍ നഗറില്‍ എത്തിയതെന്ന ആരോപണവും ജഡ്ജി ശരിവച്ചു.

കേസില്‍ 2024 ജനുവരി അറസ്റ്റിലായ  ദമ്പതികള്‍ക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. നല്ല വിദ്യാഭ്യാസം നേടുക, ബൈബിള്‍ വിതരണം ചെയ്യുക, കുട്ടികളെ വിദ്യാഭ്യാസം നേടാന്‍ പ്രോത്സാഹിപ്പിക്കുക, ഭക്ഷണം വിതരണംചെയ്യുക, മദ്യം കഴിക്കരുതെന്നും ഗ്രാമവാസികളോട് നിര്‍ദ്ദേശിക്കുക തുടങ്ങിയവ പ്രലോഭനത്തിന്റെ പരിധിയില്‍ വരില്ലെന്ന് പഞ്ഞായിരുന്നു ഹൈക്കോടതി ജാമ്യം നല്‍കിയത്.
കോടതി വിധി നിയമവിരുദ്ധമെന്നാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യു.സി.എഫ്) ദേശീയ കോര്‍ഡിനേറ്റര്‍ എ.സി മൈക്കിള്‍ പ്രതികരിച്ചത്. അപ്പീലിനായി നിയമസഹായം നല്‍കുമെന്നും യു.സി.എഫ് അറിയിച്ചു. L
2021 ലെ നിയമപ്രകാരം മതപരിവര്‍ത്തനത്തിന് വിധേയരായവര്‍ക്കോ ബന്ധുക്കള്‍ക്കോ മാത്രമേ കേസ് ഫയല്‍ ചെയ്യാവൂ. എന്നാല്‍, ഈ കേസിലെ പരാതിക്കാരി രാഷ്ട്രീയപശ്ചാത്തലത്തിന്റെ പേരിലാണ് കോടതിയെ സമീപിച്ചതെന്നും യു.സി.എഫ് ചൂണ്ടിക്കാട്ടി.

ലൗജിഹാദിനെതിരായ നിയമം എന്ന പേരില്‍ കൊണ്ടുവന്ന യു.പിയിലെ വിവാദമായ മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യ കേസാണിത്. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുവന്ന ഈ നിയമപ്രകാരം അറസ്റ്റിൽ ആകുന്ന ഭൂരിഭാഗം ആളുകളും ക്രിസ്ത്യൻ സമുദായക്കാർ ആണ്.

Religious conversion complaint: Two Malayali missionary couples jailed in UP